താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ ആക്രമണം; പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ; സനൂപ് പ്രതികരിച്ച രീതി ശരിയായില്ല

Update: 2025-10-09 07:25 GMT

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് രംബീസ പറഞ്ഞു. നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു. ഇന്നലെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സനൂപ് ഡോക്ടറെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സനൂപ് രാത്രിയില്‍ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുമെന്നും നട്ടപ്പാതിരയ്ക്ക് പോലും മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കുമെന്നും രംബീസ പറഞ്ഞു. മകളുടെ മരണത്തില്‍ നീതി വേണം. മകള്‍ മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചല്ലെന്ന് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഇനി ഒറ്റക്ക് നിയമ പോരാട്ടം നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമോ എന്ന് സംശയിക്കുന്നതായും രംബീസ പറഞ്ഞു.

താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ സനൂപിന്റെ മകള്‍ അനയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പോലിസ്. രാസ പരിശോധനാ ഫലം വൈകുന്നതാണ് കാരണമെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കി ഡെത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂവെന്നും പോലിസ് പറഞ്ഞു. അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നു താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുട്ടി മരിക്കാന്‍ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ രംബീസ ഇന്നലെ പറഞ്ഞിരുന്നു.