സ്വാമി അഗ്നിവേശിന് നേരെ വീണ്ടും സംഘപരിവാറിന്റെ കയ്യേറ്റശ്രമം
തിരുവനന്തപുരം പൂജപ്പുരയില്‍ വെച്ചാണ് സംഭവം. ഹിന്ദുത്വശക്തികള്‍ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് അഗ്നിവേശിന്റെ ആരോപണം.
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ സ്വാമി അഗ്നിവേശിന് നേരെ തിരുവനന്തപുരം പൂജപ്പുരയില്‍ വച്ച് കയ്യേറ്റശ്രമം. വൈദ്യ മഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്വാമിയെ പ്രതിഷേധക്കാർ തടഞ്ഞു. ഹിന്ദുവിരോധിയാണ് സ്വാമി എന്നാരോപിച്ചായിരുന്നു ആർഎസ്എസുകാരുടെ ആക്രോശം. ഹിന്ദുവിരുദ്ധനെന്ന് മുദ്രാവാക്യം മുഴക്കിയാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നും ഹിന്ദുത്വശക്തികളാണ് ഇതിന് പിന്നിലെന്നുമാണ് അഗ്നിവേശിന്റെ ആരോപണം.
രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം പുജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തിലാണ് സംഭവം. വൈദ്യ മഹാസഭയുടെ പരമ്പരാഗത വൈദ്യസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശ് സംസാരിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആക്രോശം. ഒരു കൂട്ടം ഹിന്ദുത്വവാദികൾ സ്വാമി ഇവിടെ സംസാരിക്കാൻ പാടില്ലെന്ന് ഭീഷണി ഉയർത്തിയതായി അഗ്നിവേശ് പറഞ്ഞു . മോദി യുഗത്തിൽ അക്രമവും പകയും വർഗീയതയും വൈറസ് പോലെ പടരുകയാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും അക്രമത്തിന്റെ പാതയാണ് അവർ സ്വീകരിച്ചതെന്ന് സ്വാമിക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞു
എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയാണ് സ്വാമി അഗ്നിവേശ്. മഹാത്മ ഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മദിനത്തില്‍ കേരളത്തില്‍ നിന്ന് നേരിട്ട സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മുമ്പും സ്വാമി അഗ്നിവേശിന് നേരെ ആക്രമം ഉണ്ടായിട്ടുണ്ട്.
നേരത്തെ ജാര്‍ഖണ്ഡില്‍ വെച്ചായിരുന്നു അഗ്നിവേശ് ഹൈന്ദവസംഘടനകളുടെ ആക്രമണത്തിനിരയായത്. ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. അഗ്നിവേശിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മുമ്പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.
