മുത്തൂറ്റ് ജീവനക്കാര്‍ക്കുനേരേ വീണ്ടും ആക്രമണം; കൈയേറ്റം ചെയ്തത് സിഐടിയു തൊഴിലാളികളെന്ന് പരാതി

സംസ്ഥാനത്ത് ഇന്ന് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണ് കോട്ടയത്തേത്. നേരത്തെ കൊച്ചിയിലും ഇടുക്കിയിലും സമാനമായ സംഭവം ഇന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്തെ മുത്തൂറ്റ് ഓഫിസില്‍ ജോലിയ്‌ക്കെത്തിയ ജീവനക്കാരെ കടവന്ത്ര മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമിച്ചത്.

Update: 2020-02-12 14:32 GMT

കോട്ടയം: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരേ വീണ്ടും ആക്രമണം. കോട്ടയത്ത് മുത്തൂറ്റ് ഫിനാന്‍സ് മെയിന്‍ ബ്രാഞ്ചില്‍ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികള്‍ കൈയേറ്റം ചെയ്തുവെന്നാണ് ജീവനക്കാരുടെ പരാതി. സംസ്ഥാനത്ത് ഇന്ന് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണ് കോട്ടയത്തേത്. നേരത്തെ കൊച്ചിയിലും ഇടുക്കിയിലും സമാനമായ സംഭവം ഇന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്തെ മുത്തൂറ്റ് ഓഫിസില്‍ ജോലിയ്‌ക്കെത്തിയ ജീവനക്കാരെ കടവന്ത്ര മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമിച്ചത്.

ഓഫിസിലെ റീജ്യനല്‍ മാനേജര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ധന്യ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കെത്തിയ ഇവരെ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചത് സിഐടിയു പ്രവര്‍ത്തകരാണെന്നും ജീവനക്കാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇടുക്കി കട്ടപ്പനയിലെ മുത്തൂറ്റ് ഫിനാന്‍സ് വനിതാ ബ്രാഞ്ച് മാനേജരുടെ ദേഹത്ത് സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളമൊഴിക്കുകയായിരുന്നു.

ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത്. എട്ട് സിഐടിയു പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ കട്ടപ്പന പോലിസില്‍ പരാതി നല്‍കി. മാനേജ്‌മെന്റിനെതിരേ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് സിഐടിയു അനുകൂലസംഘടന മുത്തൂറ്റില്‍ സമരം തുടങ്ങിയത്. പ്രശ്‌നപരിഹാരത്തിനായി ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. 

Tags:    

Similar News