നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

സിപിഎം പ്രവര്‍ത്തകരും തണ്ണിത്തോട് സ്വദേശികളുമായ നവീന്‍, ജിന്‍സന്‍, സനല്‍ എന്നിവരാണ് കീഴടങ്ങിയത്.

Update: 2020-04-11 05:48 GMT

പത്തനംതിട്ട: തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. സിപിഎം പ്രവര്‍ത്തകരും തണ്ണിത്തോട് സ്വദേശികളുമായ നവീന്‍, ജിന്‍സന്‍, സനല്‍ എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന്‍ എന്നിവരെ കേസില്‍ തണ്ണിത്തോട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരേ കല്ലെറിയുകയും വീടിന്റെ അടുക്കള ഭാഗത്തെ കതക് ചവിട്ടിപൊളിയ്ക്കുകയും ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 19ന് കോയമ്പത്തൂരില്‍നിന്നും വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തിലാവുകയായിരുന്നു. ആരോഗ്യവകുപ്പ് വീട്ടില്‍ നോട്ടീസും പതിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് കേബിള്‍ ഓപറേറ്ററായതിനാല്‍ മകള്‍ വന്നശേഷം ഇദ്ദേഹം ഓഫിസിലാണ് താമസം. പിതാവ് റോഡില്‍ ഇറങ്ങി നടക്കുന്നതിന്റെ പേരില്‍ തണ്ണിത്തോട്ടിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് വഴി ഈ കുടുംബത്തെ അപകീര്‍ത്തീപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ വ്യാപകമായി നടത്തിയതോടെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന്റെറ തൊട്ടടുത്ത ദിവസമാണ് വീടിനു നേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ പോലിസ് കേസെടുത്തതിന് പിന്നാലെ പ്രതികളാണ് തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു. സംഭവം പാര്‍ട്ടിക്കും സര്‍ക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയായത് കൊണ്ടാണ് പാര്‍ട്ടി നടപടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചിരുന്നു.  

Tags: