ആയുധംകൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കും; സിപിഎമ്മിന് മുന്നറിയിപ്പുമായി കെ സുധാകരന്‍ എംപി

അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിക്കും.

Update: 2020-09-01 18:33 GMT

കണ്ണൂര്‍: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ പരസ്യഭീഷണിയുമായി കെ സുധാകരന്‍ എംപി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച് അക്രമം തുടരാനാണ് സിപിഎം തീരുമാനിക്കുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കും. ആയുധംകൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കും. അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിക്കും.

തുടര്‍ച്ചയായി അക്രമം നടത്തുകയും കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കുകയുമാണ് സിപിഎം ചെയ്യുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം കേട്ട് ഇവിടെ ആയുധമെടുത്ത് ആളുകളെ വെട്ടാനും കുത്താനും ഓഫിസുകള്‍ തകര്‍ക്കാനും ഡിവൈഎഫ്ഐയുടെ ഗുണ്ടകള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ കണ്ണൂര്‍ ജില്ലയില്‍ ഞാന്‍ പറയുന്നു വ്യക്തമായി.. തിരിച്ചടിച്ചിരിക്കും.

വേണമോ വേണ്ടയോ എന്ന് സിപിഎമ്മിന്റെ ജില്ലാ നേതാക്കന്‍മാര്‍ക്ക് തീരുമാനിക്കാം. തീരുമാനം അനുകൂലമാണെങ്കില്‍ ആണുങ്ങളെപോലെ പത്രസമ്മേളനം നടത്തി തയ്യാറാണെന്ന് പറയണം. എന്നാല്‍, കരുത്ത് പരിശോധിക്കാം- കെ സുധാകരന്‍ പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണമുണ്ടായി. ഈ ഓഫിസുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കെ സുധാകരന്‍ സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ചത്.  

Tags: