അറ്റാഷെ ഇന്ത്യവിട്ട സംഭവം ദുരൂഹം; കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വഷിക്കണം: ഡിവൈഎഫ്‌ഐ

അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ കെ സുരേന്ദ്രനും കൂട്ടരും ജനങ്ങളുടെ ശ്രദ്ധവഴിതിരിച്ചുവിടാന്‍ ആദ്യം മുതല്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാന്‍ മുരളീധരന്‍ തയ്യാറായിരുന്നില്ല.

Update: 2020-07-16 13:18 GMT

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവഗൗരവമുള്ളതാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെയും ബിജെപി നേതൃത്വത്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടയില്‍ അറ്റാഷെ രാജ്യം വിടുകയായിരുന്നു. വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ മറുപടി പറയണം. വി മുരളീധരന്‍ ഇക്കാര്യത്തില്‍ ആദ്യഘട്ടം മുതല്‍ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് ആദ്യമേ വി മുരളീധരന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടതാണ്.

അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ കെ സുരേന്ദ്രനും കൂട്ടരും ജനങ്ങളുടെ ശ്രദ്ധവഴിതിരിച്ചുവിടാന്‍ ആദ്യം മുതല്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാന്‍ മുരളീധരന്‍ തയ്യാറായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭായോഗ തീരുമാനമെടുത്തു കേന്ദ്രത്തോട് ആവശ്യപ്പെട്ടാല്‍ മാത്രമേ അന്വഷണം പ്രഖ്യാപിക്കാന്‍ കഴിയൂ എന്ന വിചിത്രമായ വാദമാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഉയര്‍ത്തിയത്.

പക്ഷേ, കേന്ദ്രം എന്‍ഐഎ അന്വഷണം പ്രഖ്യാപിച്ചു. ഇപ്പോള്‍ അറ്റാഷെയെ ഇന്ത്യയില്‍ നിലനിര്‍ത്താനും അന്വേഷണവുമായി സഹകരിപ്പിക്കാനും വിദേശകാര്യമന്ത്രാലയം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കണം. അറ്റാഷെയെ ഇന്ത്യയില്‍ തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിനോട് യുഎഇ സഹകരിക്കുമായിരുന്നു. പക്ഷേ, അത്തരം ശ്രമം നടത്താന്‍ വിദേശകാര്യമന്ത്രാലയം തയ്യാറായില്ല എന്നത് ദുരൂഹമാണ്. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോവാന്‍ മൗനാനുവാദം നല്‍കിയതും കേസന്വഷണം അട്ടിമറിക്കാന്‍ വേണ്ടിയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.  

Tags: