ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക സംവിധാനം; ബാങ്കുകളുടെ പ്രവര്‍ത്തിസമയം ഉച്ചയ്ക്ക് രണ്ട് വരെ

കൊവിഡ് വാക്‌സിന്‍ ബന്ധുക്കള്‍ക്ക്; ആശുപത്രികള്‍ക്കെതിരേ നടപടിയെടുക്കും; കച്ചവടക്കാര്‍ രണ്ട് മാസ്‌കുകള്‍ ധരിക്കണം

Update: 2021-04-29 13:59 GMT

തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ അടുത്ത ബന്ധുക്കള്‍ക്ക് വയസ്സ് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാക്‌സിന്‍ നല്‍കാന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അടുത്ത ആഴ്ചത്തെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഇറക്കും. ഡി എം ആക്ട് ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ അത് ഉപയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഓക്‌സിജന്‍ ട്രാന്‍സ്‌പോര്‍ട്ടഷനില്‍ ഒരു പ്രശ്‌നമുണ്ടാവില്ല എന്ന് പോലിസ് ഉറപ്പു വരുത്തും. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇപ്പോള്‍ത്തനെ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ ചുമതലപ്പെടുത്തി. ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ഓക്‌സിജന്‍ എമര്‍ജന്‍സി വെഹിക്കിള്‍ എന്ന സ്റ്റിക്കര്‍ പതിക്കണം. വാഹനത്തിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. തിരക്കില്‍ വാഹനങ്ങള്‍ പരിശോധന ഒഴിവാക്കി വേഗം കടത്തിവിടാന്‍ ഇത് പോലിസിനെ സഹായിക്കും. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലും സമാന രീതിയില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതാണ്.

പോലിസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നും പെസോയില്‍ നിന്നും ഉള്ള നോമിനികള്‍ ഉള്‍പ്പെട്ട 'ഡെഡിക്കേറ്റഡ് ഓക്‌സിജന്‍ വാര്‍ റൂമുകള്‍ ' സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരംഭിക്കും. ഓക്‌സിജന്‍ മൊഡ്യൂള്‍ തയ്യാറാക്കുകയും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും. ഒരോ ജില്ലയിലും ലഭ്യമായ ഓക്‌സിജന്‍ സ്‌റ്റോക്കിന്റെ കണക്കുകള്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിക്കുകയാണ്. ടിവി സീരിയല്‍ ഷൂട്ടിങ് തല്‍ക്കാലം നിര്‍ത്തി വെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്‌കുകള്‍ ധരിക്കണം

സാധിക്കുമെങ്കില്‍ കൈയ്യുറയും ഉപയോഗിക്കണം. വീട്ടുസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്തിയ പരിഗണന നല്‍കണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്‌സ്ആപ്പിലോ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്‌സിനെ നിയോഗിക്കുന്നത് നന്നായിരിക്കും. മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകരമാകും. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കൂടുതല്‍ ആരോഗ്യസുരക്ഷാസംവിധാനങ്ങള്‍ ലഭ്യമാക്കും. ക്വാറന്റൈന്‍ ഉള്‍പ്പെടെയുളള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികള്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വ്യാക്‌സിന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ട്. വിവിധ ജില്ലകളിലെ ഇഷ്ടികക്കളങ്ങളില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികള്‍ക്കിടയിലും രോഗവ്യാപനം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് നടത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുകയായിരിക്കും ഉചിതം.

ബാങ്കുകളുടെ പ്രവൃത്തിസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയായി നിജപ്പെടുത്തി. എന്നാല്‍ ചില ബാങ്കുകളുടെ ഏതാനും ശാഖകള്‍ ഈ സമയത്തിനു ശേഷവും പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കുന്നു. രണ്ട് മണിക്ക് ശേഷം ടാര്‍ഗറ്റ് നിശ്ചയിച്ച് ജീവനക്കാരെ പുറത്തേക്ക് ക്യാന്‍വാസിംഗിന് അയക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല. ബാങ്കുകള്‍ രണ്ടുമണിക്ക് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതാണ്. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.

കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പോലിസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവര്‍ത്തകരായി നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജനമൈത്രി സന്നദ്ധപ്രവര്‍ത്തകരെ ബീറ്റ്, പട്രോള്‍, ക്വാറന്റൈന്‍ പരിശോധന മുതലായവയ്ക്ക് ഉപയോഗിക്കും. പത്ത് ദിവസത്തിലേറെ ജോലിചെയ്യുന്ന വോളന്റിയര്‍മാരുടെ സേവനം വിലയിരുത്തി പ്രശംസാപത്രവും മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ക്യാഷ് റിവാര്‍ഡും നല്‍കും. റോഡുകളില്‍ വാഹനം കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 30 ശതമാനം വാഹനങ്ങളാണ് കുറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരും എത്തുന്നുണ്ട്. ഇത് ഗുരുതര രോഗികള്‍ക്ക് ബെഡ് ലഭിക്കാതിരിക്കാനിടയാക്കുന്നു. ഇവരില്‍ പലര്‍ക്കും ടെലി മെഡിസിന്‍ മതിയാവും. ഇക്കാര്യത്തില്‍ ഇടപെടാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കും.

Tags: