കവളപ്പാറയിലെ ആറ് കുടുംബങ്ങളുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം

Update: 2022-01-05 08:37 GMT

തിരുവനന്തപുരം: 2019ലെ പ്രളയത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും അപകടമുണ്ടായ കവളപ്പാറയിലെ അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്നും ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 36 ലക്ഷം രൂപ അനുവദിച്ചു. കുടുംബം ഒന്നിന് ആറ് ലക്ഷം രൂപ വീതമാണ് വാസയോഗ്യമായ ഭൂമി വാങ്ങി വീടുവയ്ക്കുന്നതിനായി നല്‍കുക. കവളപ്പാറയ്ക്ക് സമീപമുള്ള വഴിക്കടവ് വില്ലേജില്‍ വെള്ളക്കട്ടെ എന്ന പ്രദേശത്തെ അപകട ഭീഷണിയുള്ള ആറ് കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക.

അപകട ഭീഷണിയുള്ള സ്ഥലത്തുനിന്ന് ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ പ്രളയത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറി ഒഴികയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റി പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്തവര്‍ ഉള്‍പ്പെടെയുള്ള 462 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ച് വിതരണം ചെയ്തിരുന്നു.

Tags:    

Similar News