നിയമസഭാ മാര്‍ച്ച്: കാംപസ് ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും റിമാന്‍ഡില്‍

Update: 2021-10-29 18:40 GMT

തിരുവനന്തപുരം: പുതിയ പ്ലസ്‌വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. ഗുരുതര വകുപ്പുകള്‍ ചുമത്തി 12 ഓളം പേരെയാണ് ജയിലറയ്ക്കുള്ളിലാക്കിയിരിക്കുന്നത്. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം അംജദ് കണിയാപുരം, മലപ്പുറം സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി കെ ഉനൈസ്, തിരുവനന്തപുരം ജില്ലയിലെ ശിനാസ്, സഫീര്‍, ഫയാസ്, നിഷാദ്, നിസാര്‍, അയ്യൂബി, ആഷിക്, അഫ്‌സല്‍, സനോഫാര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

മലബാര്‍ ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി സ്വീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നടത്തിയ നിയമസഭാ മാര്‍ച്ചിനെ പോലിസ് അതിക്രൂരമായാണ് നേരിട്ടത്. പെണ്‍കുട്ടികളെയടക്കം അതിക്രൂരമായി മര്‍ദ്ദിച്ചു. എന്നിട്ടും അരിശം തീരാതെയാണ് പോലിസ് ഗുരുതര വകുപ്പുകള്‍ ചാര്‍ത്തി ഇവരെ റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് മുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് സമീപം പോലിസ് ബാരിക്കേട് വച്ച് തടയുകയായിരുന്നു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ശേഷമാണ് പോലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലിസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു.

Tags: