നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ പക്ഷാപാതം കാണിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍

ഉദ്യോഗസ്ഥന്‍ പക്ഷപാതം കാണിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കും. ആദ്യത്തെ നടപടി നോട്ടീസ് കൂടാതെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്നതാണ്. രണ്ടാമത്തേത് അദ്ദേഹത്തിനെതിരെ നിയമ നടപടിയും സ്വീകരിക്കും.

Update: 2021-02-24 09:39 GMT

കൊച്ചി: ജീവനക്കാരില്‍ ചിലരെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യാറുണ്ടെന്നും എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ജോലിയില്‍ കൊണ്ടുവരാതെ ശ്രദ്ധിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാം റാം മീണ.നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എറണാകുളം കലക്ടറേറ്റില്‍ ചേര്‍ന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പക്ഷപാതം കാണിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കും.

ആദ്യത്തെ നടപടി നോട്ടീസ് കൂടാതെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്നതാണ്. രണ്ടാമത്തേത് അദ്ദേഹത്തിനെതിരെ നിയമ നടപടിയും സ്വീകരിക്കും. ആരും പരാതി ഉന്നയിക്കാനുള്ള അവസരം ജീവനക്കാരായി ഉണ്ടാക്കിയെടുക്കരുതെന്നും ടീക്കാം റാം മീണ പറഞ്ഞു. എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയില്‍ പെട്ടാല്‍ വരണാധികാരികള്‍ ഭീരുവായി ഇരിക്കാന്‍ പാടില്ല. ശക്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുള്ള ആളുകളായി ഉദ്യോഗസ്ഥര്‍ മാറണം.

കമ്മീഷന്റെ നിയമാവലികള്‍ എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും വായിച്ചിരിക്കണം. ഉദ്യോഗസ്ഥര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല, അനുകൂലിക്കുന്നുമില്ല. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടവകാശം ചെയ്യാനുള്ള അവസരമാണ് നല്‍കേണ്ടത്. മുഴുവന്‍ ഉദ്യോഗസ്ഥരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം. താല്‍പര്യമില്ലാത്തവര്‍ക്ക് വാക്‌സിനേഷനില്‍ നിന്ന് ഒഴിവാകാം. എന്നാല്‍ ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുവേണം ഡ്യൂട്ടിക്ക് ഹാരാജാകാനെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

Tags:    

Similar News