നിയമസഭാ തിരഞ്ഞെടുപ്പ്: 50 ശതമാനം പുതുമുഖങ്ങള്‍ക്കു അവസരം നല്‍കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി

വനിതകള്‍ക്കും യുവാക്കള്‍ക്കും ലിസ്റ്റില്‍ മുന്‍തൂക്കം ലഭിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍, യുവാക്കള്‍ എന്നിവയ്ക്ക് പുറമെ സമൂഹത്തിലെ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പുവരുത്തിയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം. വിജയസാധ്യത ആയിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡം

Update: 2021-02-03 12:09 GMT

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അമ്പത് ശതമാനം പുതുമുഖങ്ങളെ പരിഗണിക്കുമെന്ന് കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതകള്‍ക്കും യുവാക്കള്‍ക്കും ലിസ്റ്റില്‍ മുന്‍തൂക്കം ലഭിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍, യുവാക്കള്‍ എന്നിവയ്ക്ക് പുറമെ സമൂഹത്തിലെ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പുവരുത്തിയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം.

വിജയസാധ്യത ആയിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡം. മികച്ച പ്രതിച്ഛായ ഉള്ളവരെയും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്‍കിയവരെയും മാത്രമായിരിക്കും സ്ഥാനാര്‍ഥികളായി പരിഗണിക്കുക. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഉടനെ ചേരും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിനില്ല. അത്തരം കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം എഐസിസി തീരുമാനിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം എല്ലാ രംഗത്തും പരാജയമായിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി അഴിമതി കേസുകള്‍ സര്‍ക്കാര്‍ നേരിടുകയാണ്. ഇത്തവണ ജനം യുഡിഎഫിനെ തിരഞ്ഞെടുക്കും. സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന് വലിയ ആത്മവിശ്വാസമുണ്ട്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കളങ്കമില്ലാത്ത, മികച്ച സര്‍ക്കാരായിരിക്കും ഇത്. വളരെ ഗൗരവത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ സമീപിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും ഇത്. ഇതിനായി ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ച് ആശയങ്ങള്‍ തേടും.

കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുമായി നേരിട്ട് സംവദിക്കും. ഇവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് മികച്ച പ്രകടന പത്രികയ്ക്ക് രൂപം നല്‍കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.സംസ്ഥാനത്ത് യുഡിഎഫിനെതിരെ ബിജെപി-സിപിഎം കൂട്ടുകെട്ട് ഉണ്ടാകാം. ബിജെപിയെ പോലെ സിപിഎമ്മും കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രത്തിന് ഒരുസംഭാവനയും നല്‍കാത്ത പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസ് പാര്‍ട്ടിയെന്നതിന് അപ്പുറം രാജ്യത്തിന്റെ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ്. എല്ലാവര്‍ക്കുമായാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എ, കെപിസിസി ജന.സെക്രട്ടറിമാരായ ദീപ്തി മേരി വര്‍ഗീസ്, റോയ് കെ പൗലോസ്, ജെയ്സണ്‍ ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: