യാത്രക്കാരെ ആക്രമിച്ച് ആഡംബര കാറും പണവും കവര്‍ന്ന യുവാവ് പിടിയില്‍

Update: 2021-09-29 05:51 GMT

മുണ്ടൂര്‍: രണ്ടുവര്‍ഷം മുമ്പ് യാത്രക്കാരെ ആക്രമിച്ച് ആഡംബര കാറും പണവും കവര്‍ന്ന കേസില്‍ ഒളിവില്‍ പോയ യുവാവ് പിടിയിലായി. തൃശൂര്‍ ആളൂര്‍ ചേരിയേക്കര വീട്ടില്‍ നിജില്‍ തോമസാണ് (33) ആളൂരില്‍ വീടിനടുത്ത് കോങ്ങാട് പോലിസിന്റെ പിടിയിലായത്. 2019 ജൂലൈ നാലിന് പുലര്‍ച്ച പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ പന്നിയംപാടത്ത് മലപ്പുറം കുന്നപ്പള്ളി സ്വദേശി ജിതിനും സുഹൃത്ത് ഷെരീഫുമാണ് ആക്രമണത്തിനിരയായത്. ഇവര്‍ സഞ്ചരിച്ച എത്തിയോസ് കാര്‍ തകര്‍ക്കുകയും ഇരുമ്പുവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്ത ശേഷം ആറരലക്ഷം വിലയുള്ള കാറും 6,000 രൂപയും രണ്ട് മൊബൈല്‍ ഫോണും കവരുകയുമായിരുന്നു.

2019 സപ്തംബര്‍ 29ന് പുലര്‍ച്ച തിരുപ്പൂരില്‍നിന്ന് മലപ്പുറത്തേക്ക് പോവുന്ന വേങ്ങര സ്വദേശി സെയ്തലവിയെ മുണ്ടൂര്‍ എംഇഎസ്‌ഐടിഐയ്ക്ക് സമീപം ആക്രമിച്ച് ഏഴരലക്ഷം രൂപയുടെ എത്തിയോസ് കാറും 40,000 രൂപയും കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കോങ്ങാട് എസ്എച്ച്ഒ ജെ ആര്‍ രഞ്ജിത്ത് കുമാര്‍, എസ്‌ഐ കെ മണികണ്ഠന്‍, എഎസ്‌ഐമാരായ വി രമേശ്, കെ പി നാരായണന്‍കുട്ടി, എസ്‌സിപിഒമാരായ എം മൈസല്‍ ഹക്കിം, പി സന്തോഷ്, സി ഷമീര്‍, എസ് സജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News