പ്രഫ.ആശാ കിഷോർ ശ്രീചിത്രയുടെ ഡയറക്ടർ സ്ഥാനത്ത് തുടരും

പ്രഫ. ആശാ കിഷോർ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വൈദ്യശാസ്ത്ര ഉപകരണ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്.

Update: 2020-06-19 05:15 GMT

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയുടെ നിലവിലെ ഡയറക്ടർ പ്രഫ.ആശാ കിഷോർ ഡയറക്ടർ സ്ഥാനത്ത് തുടരും. 2020 മെയ് 12-ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടേതാണ് തീരുമാനം. 2020 ജൂലൈ 17 മുതൽ 2025 ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെ പ്രഫ. ആശാ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാം. ഡയറക്ടർ എന്ന നിലയിൽ ആശാ കിഷോർ നടത്തിയ മികച്ച പ്രവർത്തനം, കഴിഞ്ഞ അഞ്ചുവർഷക്കാലം ഇൻസ്റ്റിറ്റ്യൂട്ട് കൈവരിച്ച പുരോഗതി, നിയമന ചട്ടങ്ങൾ, നടപടിക്രമങ്ങൾ മുതലായവ പരിഗണിച്ച്, 1981-ലെ എസിടിഐഎംഎസ്ടി ചട്ടങ്ങളിലെ ചട്ടം 7 (ii), എസിടിഐഎംഎസ്ടി ആക്ട് 1980-ലെ വകുപ്പ് 11 (1) എന്നിവ പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് ബോഡി തീരുമാനം കൈക്കൊണ്ടത്.

പ്രഫ. ആശാ കിഷോർ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വൈദ്യശാസ്ത്ര ഉപകരണ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്. ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ടെക്നിക്കൽ റിസർച്ച് സെന്ററിന് കീഴിൽ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് 37 പുതിയ ഗവേഷണ പദ്ധതികൾ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യ, അടുത്തിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വോക്കൽ ഫോർ ലോക്കൽ എന്നിവയ്ക്ക് ശക്തിപകരാൻ ഈ ഗവേഷണ പദ്ധതികൾക്ക് കഴിയും. ശ്രീചിത്രയ്ക്ക് അകത്തും പുറത്തുമുള്ള ഡോക്ടർമാരുടെ സഹകരണത്തോടെ നടക്കുന്ന ഗവേഷണങ്ങളിലൂടെ വ്യവസായ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമായി. മൂന്ന് വർഷത്തിനിടെ 18 പുതിയ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതികവിദ്യകളാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. ഇതിൽ ഒരെണ്ണം വിപണിയിലെത്തിച്ചു. അഞ്ച് സാങ്കേതികവിദ്യകൾ കൂടി കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ പങ്കാളിത്തത്തോടെ ഡീപ് ബ്രെയിൻ സിമുലേറ്റർ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രഫ. ആശാ കിഷോറിന്റെ നേതൃത്വത്തിലുള്ള ഗവേഷണവും പുരോഗമിക്കുകയാണ്.

Tags: