സംരംഭകര്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത വകുപ്പിനെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി ഇ പി ജയരജന്‍

പ്രതിരോധരംഗത്ത് എംഎസ്എംഇ വ്യവസായങ്ങള്‍ക്കുള്ള സാധ്യത രൂപപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴിലിന്റെ കാര്യത്തില്‍ കേരളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സ്വകാര്യമേഖലയിലും പാര്‍ക്കുകള്‍ ആരംഭിക്കും.ഗ്രാമപ്രദേശങ്ങളില്‍ 25 ഏക്കര്‍ വരെയും നഗരപ്രദേശങ്ങളില്‍ 15 ഏക്കര്‍ വരെയും വ്യവസായ പാര്‍ക്കുകള്‍ക്ക് നല്‍കും

Update: 2019-02-11 10:55 GMT

കൊച്ചി:സംരംഭകര്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെങ്കില്‍ അതത് വകുപ്പിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരജന്‍. കേരളത്തെ നിക്ഷേപസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അസന്റ് നിക്ഷേപക സംഗമത്തില്‍ ഇന്‍വെസ്റ്റ് കേരള വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനായി എഴ് നിയമഭേദഗതികളും 10 റൂള്‍ ഭേദഗതികളും വരുത്തി. കേരള സ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് നിലവില്‍ വന്നു.വേഗത്തില്‍ ലൈസന്‍സ് ലഭ്യമാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. 14 വകുപ്പുകളില്‍ ആയുള്ള 29 സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെസ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ്) വികസിപ്പിച്ചു. ഇന്റഗ്രേറ്റ്ഡ് വെബ്‌സൈറ്റ് സംവിധാനവും ഇന്‍വെസ്റ്റ് കേരള വെബ്‌സൈറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുമേഖലയിലെ വികസനവും സ്വകാര്യമേഖലയിലെ വികസനവും സര്‍ക്കാരിന് പ്രധാനമാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 36000 ചെറുകിട , ഇടത്തരം വ്യവസായങ്ങള്‍ ആരംഭിച്ചുവെന്നും മന്ത്രി പറ്ഞ്ഞു.1,24,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനായി. പ്രതിരോധരംഗത്ത് എംഎസ്എംഇ വ്യവസായങ്ങള്‍ക്കുള്ള സാധ്യത രൂപപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴിലിന്റെ കാര്യത്തില്‍ കേരളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സ്വകാര്യമേഖലയിലും പാര്‍ക്കുകള്‍ ആരംഭിക്കും.ഗ്രാമപ്രദേശങ്ങളില്‍ 25 ഏക്കര്‍ വരെയും നഗരപ്രദേശങ്ങളില്‍ 15 ഏക്കര്‍ വരെയും വ്യവസായ പാര്‍ക്കുകള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലുള്ള വ്യവസായ പാര്‍ക്കുകള്‍ക്ക് നല്‍കുന്ന എല്ലാ അടിസ്ഥാനസൗകര്യങ്ങളും സ്വകാര്യമേഖലയിലുള്ള പാര്‍ക്കുകളും അനുവദിച്ചു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.





Tags: