ആ പണ്ഡിത ഗര്‍ജ്ജനം നിലച്ചു: അര്‍ഷദ് മുഹമ്മദ് നദ്‌വി

2019-2020 വര്‍ഷത്തേക്കുള്ള ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും ഈസാ ഉസ്താദ് അവര്‍കള്‍ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പാണ്ഡിത്യവും ദൗത്യബോധവും ജീവിത സൂക്ഷ്മതയും ആര്‍ജവവും തന്നെയാണ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണമായത്.

Update: 2019-03-05 04:13 GMT

കോഴിക്കോട്: പ്രായാധിക്യം വകവയ്ക്കാതെ ധീരമായി ഉത്തരവാദിത്തം നിര്‍വഹിച്ച നേതാവായിരുന്നു അന്തരിച്ച, മൗലാന ഈസാ ഫാദില്‍ മമ്പഈ എന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി. 2019-2020 വര്‍ഷത്തേക്കുള്ള ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും ഈസാ ഉസ്താദ് അവര്‍കള്‍ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പാണ്ഡിത്യവും ദൗത്യബോധവും ജീവിത സൂക്ഷ്മതയും ആര്‍ജവവും തന്നെയാണ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണമായത്.

ഉസ്താദ് പറഞ്ഞു: ഞാന്‍ അവശതയിലേക്ക് പോവുകയാണ് നമുക്ക് സ്ഥാനം അലങ്കരിക്കുന്നവരെയല്ല; നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരെയാണ് വേണ്ടത്. അതിനാല്‍ എന്നെ ഒഴിവാക്കണം. സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു: സമകാലിക വെല്ലുവിളികള്‍ക്കു മുമ്പില്‍ ആര്‍ജവമുള്ള പണ്ഡിത ദൗത്യം നിര്‍വ്വഹിക്കാന്‍ അങ്ങ് തന്നെയാണ് മുന്നിലുണ്ടാവേണ്ടത്; ഉസ്താദ് ധീരമായി ആ ഉത്തരവാദിത്തം ഏറ്റെടുത്തു.

പിറ്റേ ആഴ്ചയില്‍ തന്നെ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി ഉസ്താദിന്റെ വസതിയില്‍ ചേര്‍ന്നു. ഹൃദ്യമായ പ്രാര്‍ഥനകളും നര്‍മഭാഷണങ്ങളും അജണ്ടകളിലുറച്ച തീരുമാനങ്ങളുമായി ഉസ്താദ് യോഗത്തില്‍ ഊര്‍ജസ്വലനായിരുന്നു. അന്നത്തെ ഉച്ചഭക്ഷണം ഉസ്താദിന്റെ അടുക്കളയിലിരുത്തിയാണ് ഞങ്ങളെ സല്‍ക്കരിച്ചത്. ഉലമാക്കളില്‍ നിന്ന് നഷടപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തരവാദിത്തബോധവും ജീവിത സൂക്ഷ്മതയും ഉസ്താദിന്റെ സ്വകാര്യ സംഭാഷണങ്ങളില്‍ വേദനയായി നിറഞ്ഞു നിന്നു.

അതു കഴിഞ്ഞാണ് ഉംറ യാത്രയ്ക്ക് പുറപ്പെട്ടത്. തിരിച്ചെത്തിയതിന്റെ പിറ്റേന്ന് വെളുപ്പിന് അല്ലാഹു വിന്റെ പ്രവിശാലമായ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുന്നു. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതായും അര്‍ഷദ് മുഹമ്മദ് നദ്‌വി അനുശോചന പ്രസ്താവനയില്‍ അറിയിച്ചു. 

Tags: