പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില്‍ ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.