നായര്‍ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം: ശശി തരൂര്‍ എംപിക്ക് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി പരാമര്‍ശിച്ചെന്നാണ് കേസ്.
തിരുവനന്തപുരം: നായര്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് തിരുവനന്തപുരം എംപി ശശി തരൂരിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി പരാമര്‍ശിച്ചെന്നാണ് കേസ്. പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് സന്ധ്യ ശ്രീകുമാര്‍ നല്‍കിയ സ്വകാര്യഹരജിയില്‍ എംപിക്കെതിരെ കോടതി നേരിട്ട് കേസെടുത്തിരുന്നു.
കഴിഞ്ഞ മാസം കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ശശി തരൂര്‍ ഹാജരായിരുന്നില്ല. ഇതെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ശശി തരൂരിന്റെ പുസ്തകത്തിലെ നായര്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തുവന്നിരുന്നുവെങ്കിലും തരൂര്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.