അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി

കാര്‍ അർജുന്‍ ആയങ്കിയുടെ തന്നെയെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം.

Update: 2021-06-27 14:41 GMT

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി ആർജുൻ ആയങ്കിയുടെതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജിന് എതിര്‍വശത്തെ കുന്നിന്‍ മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.

കാര്‍ അർജുന്‍ ആയങ്കിയുടെ തന്നെയെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം. അര്‍ജുൻ ഉപയോ​ഗിച്ച KL 13 AR 7789 എന്ന നമ്പറിലുള്ള കാറാണ് ഇതെന്ന് സ്ഥിരണം. മൂന്ന് ദിവസം മുമ്പ് അഴീക്കല്‍ പോര്‍ട്ടിന് സമീപം ഈ കാര്‍ കണ്ടെത്തിയിരുന്നു. പോലിസ് എത്തുന്നതിന് തൊട്ടുമുമ്പ് കാര്‍ ഇവിടെനിന്ന് കടത്തിക്കൊണ്ടുപോയി.

ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിന്റെ പേരിലാണ് കാര്‍. ഈ കാറാണ് അര്‍ജുന്‍ ആയങ്കി കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കാര്‍ വാങ്ങിയത് മുതല്‍ ഉപയോഗിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണെന്നാണ് വിവരം.