വൈദ്യുതി ബോർഡില്‍ കുടുംബശ്രീ വഴിയുള്ള താല്‍ക്കാലിക നിയമനം വിവാദത്തിൽ

കുടുംബശ്രീയിലൂടെ സിപിഎം പ്രവർത്തകരെ വൈദ്യുതി ബോർഡിൽ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ യൂണിയനുകൾ ആരോപിച്ചു.

Update: 2020-06-18 06:00 GMT

തിരുവനന്തപുരം: വൈദ്യുതി ബോർഡില്‍ കുടുംബശ്രീ വഴി താല്‍ക്കാലിക നിയമനം നടത്തിയത് വിവാദമാകുന്നു. 90 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ബോർഡിൽ ജീവനക്കാർ അധികമാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ നിലവിലുള്ളപ്പോഴാണിത്.

ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഹെൽപ്പർ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ 38 പേരെ നിയമിക്കുന്നതിനാണ് കുടുംബശ്രീയുമായി വർക്ക് ഓർഡറുണ്ടാക്കിയത്. മേയ് ഒന്ന് മുതൽ അടുത്ത മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് 740 രൂപയും ഹൈൽപ്പർക്ക് 645 രൂപയുമാണ് പ്രതിദിന വേതനം.

വൈദ്യുതി ബോർഡിലെ സിവിൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയറാണ് കുടുംബശ്രീ കോർഡിനേറ്റർമാരുമായി വർക്ക് ഓർഡർ ഒപ്പിട്ടത്. താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി വേണമെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് പ്രധാന ആക്ഷേപം.

കുടുംബശ്രീയിലൂടെ സിപിഎം പ്രവർത്തകരെ വൈദ്യുതി ബോർഡിൽ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ യൂണിയനുകൾ ആരോപിച്ചു. നിയമനങ്ങളിൽ അപാകതയില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പുതിയ തസ്തിക അല്ലാത്തതിനാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം വേണമെന്ന ചട്ടം ബാധകമാകില്ല. പുതിയ പ്രോജക്ടുകൾക്കു വേണ്ടിയുള്ള താത്കാലിക സംവിധാനം മാത്രമാണിത്. കുടുംബശ്രീയുമായി നേരത്തേയുള്ള കരാർ നീട്ടുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.

Tags: