കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: ഗവര്‍ണര്‍ കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി

Update: 2021-11-23 17:32 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള സംഭവത്തില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടി. നിയമന നടപടികള്‍ സംബന്ധിച്ചുള്ള വിശദമായ റിപോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സിലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് വൈസ് ചാന്‍സിലറുടെ പ്രതികരണം.

പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ അന്തിമപരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് തിങ്കളാഴ്ച വിസി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രിയാ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ വിസിയോട് വിശദീകരണ റിപോര്‍ട്ട് ആവശ്യപ്പെട്ടത്.

അധ്യാപന രംഗത്ത് 27 വര്‍ഷമായി തുടരുന്ന എസ്ബി കോളജ് എച്ച്ഒഡി ജോസഫ് സ്‌കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പ്രിയയ്ക്ക് യൂനിവേഴ്‌സിറ്റി ഒന്നാം റാങ്ക് നല്‍കിയത്. റിസര്‍ച്ച് പേപ്പറുകളും ലേഖനങ്ങളുമായി 150 ലേറെ പ്രസിദ്ധീകരണങ്ങളും ആറ് പുസ്തകങ്ങളും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര ഫെല്ലോഷിപ്പ് ഇവയൊക്കെ ഉണ്ടെങ്കിലും അഭിമുഖത്തില്‍ പ്രിയ വര്‍ഗീസിനോളം ജോസഫ് സ്‌കറിയ ശോഭിച്ചില്ല എന്നാണ് വൈസ് ചാന്‍സിലര്‍ ഉള്‍പ്പടെയുള്ള പാനലിന്റെ നിലപാട്.

Tags: