ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിക്കെതിരേ അപ്പീല്‍ വൈകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Update: 2021-06-01 12:24 GMT

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോവുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കാലവിളമ്പം അപരിഹാര്യമായ സങ്കീര്‍ണതകള്‍ വരുത്തിവയ്ക്കുമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഫലത്തില്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് തന്നെ കേരളത്തില്‍ നടപ്പാക്കുന്നത് അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ്. സ്‌കോളര്‍ഷിപ്പുകള്‍ കിട്ടി ക്കൊണ്ടിരുന്ന കുട്ടികള്‍ക്ക് അത് തീരെ കിട്ടാതായ സാഹചര്യമുണ്ടായിരിക്കുന്നു. ഈ വിനകളത്രയും വരുത്തിവച്ചത് സര്‍ക്കാരിന്റെ ദുഷ്ടലാക്കോടുകൂടിയ നീക്കങ്ങളാണ്.

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പ്രകാരവും പാലോളി കമ്മിറ്റി പ്രകാരവും നൂറുശതമാനവും മുസ്‌ലിം കുട്ടികള്‍ക്ക് കിട്ടേണ്ടിയിരുന്ന ആനുകൂല്യം 80 ശതമാനമാക്കി വെട്ടിച്ചുരുക്കിയ നടപടിയാണ് ഈ വിപത്തിന് തുടക്കം കുറിച്ചത്. തെറ്റായ ഈ അനുപാതത്തെ സിപിഎമ്മിലെ തന്നെ നേതാക്കള്‍ ഇവിടെ വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥയുടെ കാര്യകാരണങ്ങളും പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട് കമ്മിറ്റികളുടെ ശുപാര്‍ശകളെ ന്യൂനപക്ഷം എന്ന പേരില്‍ പൊതുവല്‍ക്കരിച്ച ഒരപരാധം കൂടിയാണിത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ അവിഹിതമായി ഇവിടെ പലതും നേടിയെടുക്കുകയും മറ്റുള്ളവരുടേത് അപഹരിക്കുകയും ചെയ്തുവെന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തും അതിന് മുമ്പും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരില്‍നിന്ന് പ്രചാരണമുണ്ടായപ്പോള്‍ അതിനെതിരെ ഒരക്ഷരം പറയാന്‍ സിപിഎമ്മോ ഭരണകൂടമോ തയ്യാറായില്ല. ഇത്തരമൊരു നീക്കത്തെ സത്യത്തിന്റെ പിന്‍ബലത്താല്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുറെയെങ്കിലും പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും സിപിഎം നടത്തിയ അവസരവാദപരമായ സമീപനങ്ങളും കുറ്റകരമായ അനാസ്ഥയും കേരളീയ സമൂഹത്തില്‍ വര്‍ഗീയത വളരാന്‍ നിമിത്തമായിട്ടുണ്ട്. ഇനിയെങ്കിലും ഇത്തരം തെറ്റായ നയങ്ങള്‍ തിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News