പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍
ഇന്ന് രാവിലെ 11.30ഓടെയാണ് ലക്ഷ്മണ്‍ ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.
കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയാണ് നേരത്തെ ലക്ഷ്മണിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണമെന്ന് ക്രൈം ബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇന്ന് രാവിലെ 11.30ഓടെയാണ് ലക്ഷ്മണ്‍ ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. മുമ്പ് രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടും ലക്ഷ്മണ്‍ ഹാജരായിരുന്നില്ല.