ആന്തൂര്‍ ആത്മഹത്യ: അന്വേഷണം ശരിയായ ദിശയിലല്ല; സിബിഐയ്ക്കു കൈമാറണമെന്ന് സാജന്റെ ഭാര്യ

താനും ഭര്‍ത്താവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല

Update: 2019-07-15 15:10 GMT

കണ്ണൂര്‍: ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സാജന്‍ പാറയിലിന്റെ ഭാര്യ ബീന മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കി. അന്വേഷണഘട്ടത്തില്‍ തന്നെ പോലിസ് വിവിധ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ തനിക്കും ഡ്രൈവര്‍ക്കും തെറ്റായ ബന്ധമുണ്ടെന്ന രീതിയില്‍ പോലിസ് ഓഫിസര്‍ പ്രചാരണം നടത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് മകള്‍ മൊഴി നല്‍കിയെന്നും ഇതാണ് സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കുന്ന വിവരമെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ സംരക്ഷിക്കുകയെന്ന ദുരുദ്ദേശത്തോടെ, സംഭവത്തിന്റെ ഗതി മാറ്റാനാണ് പ്രചാരണം നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് എന്റെ പ്രായ പൂര്‍ത്തിയെത്താത്ത മകള്‍ എന്നോട് തുറന്നുപറഞ്ഞതാണ്. താനും ഭര്‍ത്താവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് നല്‍കാത്തതിലുളള വിഷമം മാത്രമാണുള്ളത്. വസ്തുതകള്‍ മറച്ചുവച്ച്് ചിലരെ കൂട്ടുപിടിച്ച് എന്നെയും കുടുംബത്തെയും തേജോവധം ചെയ്യുക വഴി ഞങ്ങളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി തകര്‍ക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ല. ഇതില്‍ താന്‍ സംതൃപ്തയല്ല. അന്വേഷണ ഉദ്യേഗസ്ഥര്‍ തെറ്റായ പ്രചാരണം നടത്തുകയാണ.് കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്ത നല്‍കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




Tags: