ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനം നൽകണം എന്ന നിലപാടിൽ ഒരു മാ‌റ്റവുമില്ല: ആനി രാജ

സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ വിഷയമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ആനി രാജയുടെ പ്രസ്‌താവന.

Update: 2021-03-27 14:01 GMT

ആലുവ: ശബരിമല സ്ത്രീ പ്രവേശനം ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈ വിഷയത്തിൽ ഇടത് പാർട്ടികളുടെ നിലപാടിൽ ഒരു മാ‌റ്റവുമില്ലെന്ന് സിപിഐ മുതിർന്ന നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തിൽ ഇടതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും ആലുവയിൽ നടന്ന പത്രസമ്മേളനത്തിൽ ആനി രാജ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് അഭിപ്രായം പറഞ്ഞാൽ അത് ഇടത് മുന്നണി നിലപാടായി കാണാനാകില്ല. ശബരിമലയിലേത് ലിംഗസമത്വമാണ് വിഷയം. ഇതിൽ ഇടത് പാർട്ടികളുടെ അഭിപ്രായങ്ങൾക്ക് മാ‌റ്റമില്ല.

സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ വിഷയമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ആനി രാജയുടെ പ്രസ്‌താവന. ശബരിമല വിഷയത്തിൽ കോടതി വിധി വന്നശേഷം മാത്രം നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. വിഷയത്തിൽ ദേവസ്വംമന്ത്രി പ്രതികരിച്ചതുമില്ല.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ചെങ്കിലും പിന്നീട് വിധി വരട്ടെ എന്നാണ് അഭിപ്രായപ്പെട്ടത്. സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിംകോടതി മനുവാദത്തിലേക്ക് മടങ്ങുന്നതായി സംശയിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.