അങ്ങാടിപ്പുറം-ഫറോക്ക് തീവണ്ടിപ്പാതക്കായുള്ള മുറവിളി ഉയരുന്നു

അങ്ങാടിപ്പുറത്തുനിന്ന് തുടങ്ങി മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂര്‍വഴി ഫറോക്കില്‍ എത്തുന്നതാണീ തീവണ്ടിപ്പാത. 55 കിലോമീറ്ററാണ് ദൂരം. 2014ലെ കണക്കുപ്രകാരം 823 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

Update: 2020-07-18 06:57 GMT

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഫറോക്ക് തീവണ്ടിപ്പാതയെന്ന സ്വപ്‌നത്തിന് വീണ്ടും ചിറകുമുളയ്ക്കുന്നു. പത്തുവര്‍ഷം മുന്‍പ് റെയില്‍വേ സര്‍വേനടത്തി പ്രായോഗികവും ലാഭകരവുമെന്ന് കണ്ടെത്തിയതാണ് പദ്ധതി. റെയില്‍വേ പ്ലാനിങ് കമ്മിഷന്റെ അനുമതിയും കിട്ടിയതാണ്. അതിനിടെ, റെയില്‍വേയുടെ 'വിഷന്‍ 2020' പദ്ധതിയില്‍ അങ്ങാടിപ്പുറം ഫറോക്ക് പാതയും ഇടംനേടി.

അങ്ങാടിപ്പുറത്തുനിന്ന് തുടങ്ങി മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂര്‍വഴി ഫറോക്കില്‍ എത്തുന്നതാണീ തീവണ്ടിപ്പാത. 55 കിലോമീറ്ററാണ് ദൂരം. 2014ലെ കണക്കുപ്രകാരം 823 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

2020 ല്‍ പാത പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുകയുംചെയ്തു. എന്നാല്‍, നിര്‍മാണം തുടങ്ങാന്‍പോലുമാകാതെ ഈ തീവണ്ടിപ്പാത ഇപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മലബാറിന്റെ, വിശേഷിച്ച് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളുടെ വികസനത്തിന് വേഗംകൂട്ടുന്നതാണ് പദ്ധതി. സ്വപ്‌നപാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ബഹുജനകാംപയിന്‍ തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ എംപിമാരടക്കമുള്ള ജനപ്രതിനിധികളുടെ പിന്തുണയോടെ കര്‍മസമിതി രൂപവത്കരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

Tags: