ആനത്തലവട്ടം ആനന്ദൻ മാപ്പ് പറയണം: പിഡിപി
പാളയത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് യൂനിവേഴ്‌സിറ്റി സര്‍ക്കിളിന് സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിക്കെതിരെയുള്ള അപകീര്‍ത്തകരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചിക്കിടെയാണ് ആനന്ദന്‍ മഅ്ദനിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ട് വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.
പാളയത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് യൂനിവേഴ്‌സിറ്റി സര്‍ക്കിളിന് സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ഭരണകൂട ഭീകരതയുടെ ഇരയായി രോഗാതുരനായി ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്കെതിരേ സാമന്യമര്യാദക്ക് നിരക്കാത്ത രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉന്നയിച്ച ആനന്ദന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആ ചര്‍ച്ചയുടെ ഭാഗമാല്ലാതിരുന്ന വ്യക്തിയെപറ്റി തികച്ചും അധിക്ഷേപകരമായ പദങ്ങള്‍ ഉപയോഗിക്കുകയാണുണ്ടായത്. ഒരു മുതിര്‍ന്ന നേതാവിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപിടയാണിത്. 2006 കാലഘട്ടങ്ങളില്‍ കേരളത്തിലുണ്ടായ സിപിഎം- പിഡിപി തിരഞ്ഞെടുപ്പ് ധാരണകള്‍ കേവലം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ടികെ ഹംസ കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിക്കുകയും തുടര്‍ന്ന് പിഡിപി സിപിഎമ്മിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്ത് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ വിജെടി ഹാളില്‍ നടന്ന പിഡിപി ചടങ്ങില്‍ വെച്ച് പരസ്യമായാണ് സ്വീകരിച്ചത്.
ആ വാര്‍ത്ത ചിത്രങ്ങള്‍ സഹിതം പത്രങ്ങളില്‍ അച്ചടിച്ച് വന്നതാണ്. തുടര്‍ന്ന് വന്ന സര്‍ക്കാരിന്റെ ഭാഗമായി ഹജ്ജ്-വഖ്ഫ് കമ്മിറ്റികളില്‍ പിഡിപിയുടെ ഔദ്യോഗിക ഭാരവാഹികള്‍ പ്രതിനിധികളായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിലെ സഹകരണവും നിരന്തര ചര്‍ച്ചകളുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണുണ്ടായത്. ഇതെല്ലാം പകല്‍ പോലെ വ്യക്തമായിരിക്കെ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ആനന്ദന്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, പിറ്റിയുസി സംസ്ഥാന പ്രസിഡൻ്റ് നടയറ ജബ്ബാർ, വിം സംസ്ഥാന പ്രസിഡൻ്റ് ശശികുമാരി വർക്കല, ജില്ലാ വൈസ് പ്രസിഡൻറ് നഗരൂർ അഷ്റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ഖാലിദ് പെരിങ്ങമ്മല, സത്താർ പള്ളിത്തെരുവ്, കിള്ളി അജീർ, ഷാഫി നദ്‌വി, പിറ്റിയുസി ജില്ല പ്രസിഡന്റ് ബീമാപള്ളി നാസർ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.

