ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; ആദ്യ ബ്ലാസ്റ്റിങ് നാളെ, മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും
കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നാളെ (മാര്‍ച്ച് 06) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന് മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി മുത്തപ്പന്‍പുഴ എല്‍പി സ്‌കൂളില്‍ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു.
'ബ്ലാസിറ്റിങ് നിയന്ത്രിതമായ കാര്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. മുന്‍കൂട്ടി പാസ് നല്‍കിയവര്‍ക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം ലഭിക്കുന്നത്. താത്കാലികമായ പാലം ട്രഷറി യൂണിറ്റ്, ഫ്യുവല്‍ ടാങ്ക്, മറ്റ് അനുബന്ധ ഷെഡുകള്‍ എന്നിവ പൂര്‍ത്തികരിച്ചു' ലിന്റോ ജോസഫ് കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെ രാജന്‍, എകെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, പ്രിയങ്കാ ഗാന്ധി എംപി, എംഎല്‍എമാരായ ലിന്റോ ജോസഫ്, ടി സിദ്ദീഖ്, കിഫ്ബി സിഇഒ ഡോ. കെഎം അബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു തുടങ്ങിയവര്‍ പങ്കെടുക്കും. ബ്ലാസ്റ്റിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താത്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാംപ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിക്കുന്നത്.വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്.
