ആറന്മുളയിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും എന്ന മുന്നറിയിപ്പുള്ളതിനാൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ആറന്മുള: ആറന്മുളയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. രാവിലെ മുതൽ സംസ്ഥാനത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പോളിങ് തുടങ്ങി ആദ്യ മൂന്ന് മണിക്കൂർ അടുക്കുമ്പോൾ തന്നെ 17.2 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങളിൽ നിന്നും ലഭ്യമാകുന്നത്. പാലക്കാട്, കൊല്ലം ജില്ലകളിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വിവിധ സ്ഥലങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതായും റിപോർട്ടുകളുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും എന്ന മുന്നറിയിപ്പുള്ളതിനാൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രമുഖ നേതാക്കളും, സ്ഥാനാർത്ഥികളും വിവിധ ഇടങ്ങളിലായി രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി.
കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ബൂത്തുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 40,771 ബൂത്തുകളിലും ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക് പോളിങ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്. 957 സ്ഥാനാർഥികളാണ് നിയമസഭയിലേക്ക് മൽസരിക്കുന്നത്. വൈകുന്നേരം ഏഴു മണിവരെയാണ് പോളിങ് നടക്കുക.