'അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ശ്വാസകോശത്തില്‍ കയറി, നൗഷിജയുടെ മരണകാരണം ചികില്‍സാ പിഴവല്ല'
പാലക്കാട്: പട്ടാമ്പിയില്‍ ഗര്‍ഭിണിയായ നൗഷിജ മരിച്ചത് ചികില്‍സാ പിഴവല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ശ്വാസകോശത്തില്‍ കയറിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ചികില്‍സാപിഴവുണ്ടായി എന്ന് കരുതാനാകില്ലെന്ന് ഫൊറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു. അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ശ്വാസകോശത്തില്‍ കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നതെന്നും ഹിതേഷ് ശങ്കര്‍ പറഞ്ഞു.
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണി ഇന്നലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) മരിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ തൃത്താല പോലിസ് കേസെടുത്തിരുന്നു.
