കര്‍ണാടകയില്‍ മല്‍സ്യസംസ്‌കരണ പ്ലാന്റില്‍ അമോണിയ ചോര്‍ന്നു; 25 പേര്‍ ആശുപത്രിയില്‍
മംഗളൂരു: കര്‍ണാടക ബൈക്കംപടി മത്സ്യസംസ്‌കരണ പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നു. എസ്റ്റേറ്റിലെ മല്‍സ്യ സംസ്‌കരണ യൂനിറ്റില്‍ വെള്ളിയാഴ്ച ആണ് അമോണിയ ചോര്‍ന്നത്. വാതകം ശ്വസിച്ച നാല് തൊഴിലാളികള്‍ ഗുരുതരാവസ്ഥയില്‍. 25 ഓളം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്ലാന്റിലെ റഫ്രിജറേഷന്‍ സംവിധാനത്തില്‍നിന്ന് ചോര്‍ച്ച ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട തൊഴിലാളികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.മംഗളൂരു സിറ്റി പോലിസും ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ചോര്‍ച്ചയുടെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സുരക്ഷ പ്രോട്ടോകോളുകള്‍ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് ദുരിതബാധിത തൊഴിലാളികളുടെ അവസ്ഥ അവലോകനം ചെയ്തു. യൂനിറ്റിന്റെ വിശദമായ പരിശോധന നടന്നുവരുകയാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ ഫാക്ടറി താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണെന്ന് കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി സുരക്ഷ ഓഡിറ്റ് നടത്തുമെന്നും കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
