രാഖിയുടെ കൊലപാതകം ആസൂത്രിതമെന്ന് അഖില്‍; മൃതദേഹം മറവുചെയ്യാന്‍ നേരത്തെ കുഴിയെടുത്തു

രാഖിയെ എറണാകുളത്തെ അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചിരുന്നതായും അഖില്‍ വെളിപ്പെടുത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ അഖിലിന്റെ സഹോദരന്‍ രാഹുലിനെയും അഖിലിനെയും വീണ്ടും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതോടെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലിസ് നിഗമനം.

Update: 2019-07-28 06:06 GMT

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയതു ആസൂത്രിതമെന്ന് കാമുകനായ മുഖ്യപ്രതി അഖിലിന്റെ മൊഴി. വിവാഹം മുടക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും രാഖി വഴങ്ങാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല നടത്താന്‍ ഉദ്ദേശിച്ചാണ് രാഖിയെ വിളിച്ചുവരുത്തി കാറില്‍ കയറ്റിയത്. കാറില്‍ കയറ്റിയശേഷം തര്‍ക്കം തുടര്‍ന്നിരുന്നു. ജീവിതത്തില്‍ നിന്നും രാഖിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം മറവുചെയ്യാന്‍ നേരത്തെ കുഴിയെടുത്തുവെന്നും അഖില്‍ പോലിസിനോട് പറഞ്ഞു.

രാഖി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. താന്‍ മറ്റൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞപ്പോള്‍ തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഖിയുടെ ഭീഷണി. ഇതും കൊലപാതകത്തിന് പ്രകോപനമായെന്നും നിരന്തരം ആത്മഹത്യ ഭീഷണി മുഴക്കി രാഖി ശല്യം ചെയ്തിരുന്നതായും അഖില്‍ മൊഴി നല്‍കി. രാഖിയെ എറണാകുളത്തെ അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചിരുന്നതായും അഖില്‍ വെളിപ്പെടുത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചശേഷമായിരുന്നു ഇത്. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഇക്കാര്യം റിമാന്റ് റിപോര്‍ട്ടില്‍ പോലിസ് വ്യക്തമാക്കിയിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ അഖിലിന്റെ സഹോദരന്‍ രാഹുലിനെയും അഖിലിനെയും വീണ്ടും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതോടെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലിസ് നിഗമനം.

സംഭവത്തില്‍ അഖിലിന്റെ അച്ഛനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന ആരോപണം രാഖിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പോലിസ് അന്വേഷണത്തിലും കുടുംബാംഗങ്ങളുടെ പങ്കിലേക്ക് കാര്യങ്ങള്‍ നീളുന്നതിനിടെയാണ് വിശദീകരണവുമായി അഖിലിന്റെ അച്ഛന്‍ രംഗത്തെത്തിയത്. രാഖിയെ കൊലപ്പെടുത്തും മുമ്പ് തന്നെ കുഴിച്ച് മൂടാന്‍ കുഴിയെടുത്തിരുന്നു എന്നും ഇതിന് അച്ഛന്റെ സഹായം ഉണ്ടായിരുന്നവെന്നുമാണ് അഖില്‍ പോലിസിനോട് പറഞ്ഞത്. എന്നാല്‍ കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്നും അഖില്‍ പറയുന്നുണ്ട്. അതേസമയം കുഴിവെട്ടിയതും കമുക് വച്ചതും എല്ലാം താന്‍ തന്നെയാണെന്നാണ് മണിയന്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു. കൊലപാതക വിവരം പുറത്തായതോടെ കീഴടങ്ങാന്‍ മക്കളെ ഉപദേശിച്ചത് താനാണെന്നും മണിയന്‍ വിശദീകരിക്കുന്നു.

നേരത്തെ അഖില്‍ കുറ്റം സമ്മതിച്ചിരുന്നു. കീഴടങ്ങുകയാണെന്ന് പോലിസിനെ അറിയിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ ഇന്നലെ രാത്രിയോടെയാണ് കസ്റ്റഡിയിലെടുക്കുന്നത്. ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖില്‍ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ടെന്ന വിവരം പോലിസിനെ അറിയിച്ചിരുന്നു. രണ്ടാംപ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുല്‍ മലയിന്‍കീഴില്‍ നിന്ന് പിടിയിലായതോടെയാണ് അഖിലിന് കീഴടങ്ങാന്‍ സമ്മര്‍ദ്ദമേറിയത്. താനും അഖിലും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതായി രാഹുലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 

Tags:    

Similar News