മതപരിവര്‍ത്തന ആരോപണം; മലയാളി പാസ്റ്റര്‍ തോമസ് ജോര്‍ജിനെതിരേ കേസെടുത്ത് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍
ഇടുക്കി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരേ ജൂലായ് 15 നാണ് രാജസ്ഥാന്‍ പോലിസ് കേസ് എടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം ചെയ്ത് വരികയാണ് തോമസ് ജോര്‍ജ്. പ്രാര്‍ത്ഥനക്കിടെ പള്ളി പൊളിക്കാന്‍ ബജ്റങ്ദള്‍, ആര്‍എസ്എസ്, ബിജെപി, ഹനുമാന്‍സേന പ്രവര്‍ത്തകര്‍ എത്തിയെന്നും പോലിസ് എത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും തോമസ് ജോര്‍ജ് പറഞ്ഞു. പിന്നീട് ആറാം തിയ്യതി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ജെസിബിയുമായി പള്ളി പൊളിക്കാന്‍ എത്തിയെന്നും തോമസ് ജോര്‍ജ് പറയുന്നു.
'ഞാന്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഇതുവരെയും ആരെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ല. അവിടേക്ക് ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നുവെന്ന് മാത്രം. അന്ന് പോലിസ് സംരക്ഷണം തന്നു. സമാധാനമായി എന്ന് വിചാരിച്ചിരിക്കെയാണ് 15 ാം തിയ്യതി എന്റെ പേരില്‍ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വളരെ പ്രയാസത്തിലാണ്, തോമസ് ജോര്‍ജ് പ്രതികരിച്ചു. രണ്ട് തവണ പ്രാര്‍ത്ഥനക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നുവെന്നും ഭീതിയോടെയാണ് കഴിയുന്നത് എന്നും തോമസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
