പുറമ്പോക്ക് ഭൂമി കൈയേറി സിപിഎം പാർട്ടി ഓഫീസ് നിർമ്മിക്കുന്നതായി പരാതി
വലിയതുറ സുലൈമാൻ സ്ട്രീറ്റിലാണ് അനധികൃത നിർമാണം നടക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് നിർമാണം നടക്കുന്നതെന്നാണ് ആക്ഷേപം.
തിരുവനന്തപുരം: അങ്കണവാടി കെട്ടിടം പണിയുകയാണെന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പുറമ്പോക്ക് ഭൂമി കൈയേറി സിപിഎം പാർട്ടി ഓഫീസ് നിർമ്മിക്കുന്നതായി പരാതി. വലിയതുറ സുലൈമാൻ സ്ട്രീറ്റിലാണ് അനധികൃത നിർമാണം നടക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് നിർമാണം നടക്കുന്നതെന്നാണ് ആക്ഷേപം.
അനധികൃത നിർമാണത്തിനെതിരെ പരാതി ഉയർന്നതോടെ നഗരസഭ ജീവനക്കാരെത്തി സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിയമത്തെ വെല്ലുവിളിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതു സംബന്ധിച്ച പ്രദേശവാസികൾ ജില്ലാ കലക്ടർ, എസിപി, മനുഷ്യാവകാശ കമ്മീഷൻ, തിരുവനന്തപുരം നഗരസഭാ, വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകി. ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരു രേഖയുമില്ലാത്ത ഭൂമിയിൽ പാർട്ടി സ്വാധീനം ഉപയോഗിച്ചാണ് നിർമാണം നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ 40 വർഷമായി ഈ ഭൂമി തങ്ങളുടെ കൈവശമാണെന്നാണ് സിപിഎം പറയുന്നത്. എന്നാൽ, കാലങ്ങളായി തിരഞ്ഞെടുപ്പ് ബൂത്തായി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പിന്നീട് എകെജി വായനശാല പ്രവർത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഈ സ്ഥലത്താണ് കൈയേറ്റത്തിലൂടെ പാർട്ടി ഓഫീസ് നിർമാണം നടത്തുന്നതെന്നാണ് പരാതി. പ്രദേശത്തെ അങ്കണവാടി നിലവിൽ വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് പ്രവർത്തിക്കുന്നത്. കൈയേറ്റം ഒഴിപ്പിച്ച് അങ്കണവാടി കെട്ടിടം ഇവിടേക്ക് മാറ്റണമെന്ന് പ്രദേശവാസികൾ പറയുന്നു. നിയമ ലംഘനത്തിന് അധികാരികൾ കൂട്ടുനിന്നാൽ പ്രക്ഷോഭം ശക്തമാക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
