സർക്കാരിൻ്റെ സൗജന്യ കിറ്റ് വിതരണത്തിലും രാഷ്ട്രീയ മുതലെടുപ്പുമായി സിപിഎം
മണ്ണടി ദേശക്കല്ലുമ്മൂട്ടിൽ പ്രവർത്തിക്കുന്ന റേഷൻ കടയിലെ സൗജന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത് സിപിഎം മണ്ണടി ലോക്കൽ സെക്രട്ടറി സാജനാണ്.
അടൂർ: കൊവിഡ്- 19 വ്യാപന സാധ്യത തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സകല സർക്കാർ മേഖലകളും രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണ് സിപിഎമ്മെന്ന പരാതി വ്യാപകമാണ്. ഒടുവിൽ റേഷൻ കട വഴി സർക്കാർ നൽകുന്ന പലവ്യജ്ഞനകിറ്റ് വിതരണവും രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് കിറ്റ് വിതരണ ഉദ്ഘാടനം സിപിഎം നേതാവ് തന്നെ നടത്തിയത്.
മണ്ണടി ദേശക്കല്ലുമ്മൂട്ടിൽ പ്രവർത്തിക്കുന്ന റേഷൻ കടയിലെ സൗജന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത് സിപിഎം മണ്ണടി ലോക്കൽ സെക്രട്ടറി സാജനാണ്. ഉദ്ഘാടനത്തിന്റെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതർ ഇതിനെതിരേ മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലയിലെ പലയിടങ്ങളിലും കിച്ചണുകൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറമറ്റം പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം ഉപരോധിക്കുകയും ചെയ്തിരുന്നു. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഎം സന്നദ്ധ സേവന മേഖലകൾ കയ്യടക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരെ മാത്രം വോളന്റിയർമാരെ തിരഞ്ഞെടുത്തതായി തുടക്കംമുതൽ പരാതി ഉയർന്നിരുന്നു.