ബാബരി വിധി: ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ ഏജീസ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

ആർഎസ്എസ് അക്രമത്തിന് കുട പിടിക്കുന്ന കോടതികൾ നാടിന് നാണക്കേട്.

Update: 2020-10-01 08:45 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്തവരെ വെറുതെവിട്ട കോടതി വിധിക്കെതിരെ ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ ഏജീസ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ആർഎസ്എസ് അക്രമത്തിന് കുട പിടിക്കുന്ന കോടതികൾ നാടിന് നാണക്കേട് എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം നടത്തിയത്. രാവിലെ 11ന് പാളയത്തു നിന്നാണ് ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് ധര്‍ണ ആരംഭിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫത്ഹുദ്ദീന്‍ റഷാദി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മനുവിന്റെ വംശീയ കോടതിക്കു മേൽ ജനാധിപത്യത്തിന്റെ ജനകീയ കോടതി നീതി വിധിക്കുന്ന നാൾ വരുമെന്നും അന്ന് ബാബരി മസ്ജിദിൽ നിന്ന് ബാങ്കുമുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ബുദ്ധവിഹാരങ്ങൾക്കും ബുദ്ധമതക്കാർക്കും സംഭവിച്ച ദുര്യോഗം ഇന്ത്യയിലെ മുസ് ലിംകൾക്ക് സംഭവിക്കില്ല. ഭീരുക്കളായ ഹിന്ദുത്വ കലാപകാരികൾക്ക് ജനകീയ ചെറുത്തുനില്പിനു മുമ്പിൽ കീഴടങ്ങേണ്ടി വരും. ഏകദൈവാദർശത്തിൽ സ്ഥാപിതമായ കഅബയിൽ കയ്യേറ്റം നടത്തിയ ബഹുദൈവത്വത്തെ ജനകീയ ചെറുത്തുനില്പിലൂടെ തുടച്ചു നീക്കിയ ചരിത്രമാണ് മുസ് ലിംകൾക്ക് പറയാനുള്ളത്. വസ്തുതകൾ മറികടന്നു കൊണ്ടുള്ള കോടതികളുടെ വിധി പ്രസ്താവം അക്രമികൾക്ക് ഉത്തേജനമാണ് നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വയ്യാനം ഷാജഹാന്‍ മന്നാനി, സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹാദി മൗലവി, പോപുലര്‍ ഫ്രണ്ട് സൗത്ത് ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ ബാഖവി, ഇമാംസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കബീര്‍ ബാഖവി സംസാരിച്ചു. മാർച്ചിലും ധർണ്ണയിലും മതപണ്ഡിതന്മാരുടെ ശക്തമായ പ്രതിഷേധമിരമ്പി. ബാബരി മസ്ജിദ് അടഞ്ഞ അധ്യായമല്ലെന്നും നീതിക്കുവേണ്ടിയുള്ള സമരങ്ങൾ തുടരുമെന്നും നേതാക്കൾ പറഞ്ഞു.




Tags:    

Similar News