ഇസ്‌ലാമിന്റെ മാനവികമുഖം ഉയര്‍ത്തിപ്പിടിക്കുക: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

സമാപനസമ്മേളനം ഈമാസം 30ന് വൈകീട്ട് 4.30ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കും. കാംപയിന്റെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, വാഹനപ്രചാരണം എന്നിവ നടക്കും.

Update: 2019-12-02 12:08 GMT

കോട്ടയം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മമാസത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ എല്ലാ വര്‍ഷവും ദേശീയ തലത്തില്‍ നടത്തിവരാറുള്ള പ്രിയപ്പെട്ട നബി കാംപയിന്റെ ഭാഗമായി നാളെ വൈകീട്ട് 4.30ന് കോട്ടയം പഴയ പോലിസ് മൈതാനിയില്‍ മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയില്‍ വിവിധ മതസാമൂഹികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. സ്വാമി ബ്രഹ്മാനന്ദ തീര്‍ഥ വിശിഷ്ടാതിഥിയായിരിക്കും. കാംപയിന്റെ ഭാഗമായി 'ദൈവമൊന്ന് മനുഷ്യരൊന്ന'് എന്ന പ്രമേയത്തില്‍ ഇമാംസ് കൗണ്‍സില്‍ സന്ദേശപ്രചാരണം നടത്തിവരികയാണ്. മതപരമായ വെറുപ്പും അകല്‍ച്ചയും ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരികയും പൗരന്‍മാരുടെ അവകാശങ്ങളെപ്പറ്റി ആശങ്ക അധികരിക്കുകയും ചെയ്തുവരുന്ന പശ്ചാത്തലത്തിലാണ് സംഘടന ഈ കാംപയിന്‍ നടത്തുന്നതെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Full View

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനും ഏതൊരു പൗരനും അവകാശമുണ്ട്. മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും വര്‍ഗീയ മുന്‍വിധികളോടെ വിലയിരുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാചകന്‍മാര്‍ ഉയര്‍ത്തിപ്പിടിച്ച 'ദൈവമൊന്ന് മനുഷ്യരൊന്ന്' സന്ദേശം പരിചയപ്പെടുത്തുന്നത്. ഇസ്‌ലാം ഏകനായ പ്രപഞ്ചസ്രഷ്ടാവിലേക്കും ഏകമാനവികതയിലേക്കും തുല്യനീതിയിലേക്കും ക്ഷേമസമൂഹനിര്‍മ്മിതിയിലേക്കുമാണ് ക്ഷണിക്കുന്നത്. മദ്യവും ലഹരിയും പലിശയും കൈക്കൂലിയും അഴിമതിയും ചൂതാട്ടവും അപഹരണവും വ്യഭിചാരവും ചൂഷണവും വഞ്ചനയുമില്ലാത്ത സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തെയാണ് ഇസ്‌ലാം ലക്ഷ്യംവയ്ക്കുന്നത്.

മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. മരണാനന്തരം ദൈവികകോടതിയില്‍ ജീവിതം വിചാരണചെയ്യപ്പെടുകയും നന്‍മയ്ക്ക് നന്‍മയും തിന്‍മയ്ക്ക് തിന്‍മയും പ്രതിഫലമായി വിധിക്കും. ഈ ചിന്ത വിശ്വാസികളില്‍ ഉത്തരവാദിത്വബോധം വര്‍ധിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തി പരസ്പരബന്ധങ്ങള്‍ ഊഷ്മളമാക്കുകയും വിശ്വാസികളെ മതമൂല്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ കാംപയിനിലൂടെ സംഘടന ലക്ഷ്യംവയ്ക്കുന്നത്. സമാപനസമ്മേളനം ഈമാസം 30ന് വൈകീട്ട് 4.30ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കും. കാംപയിന്റെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, വാഹനപ്രചാരണം എന്നിവ നടക്കും. 

Tags:    

Similar News