എല്ലാം നഷ്ടപ്പെട്ട് ആര്‍എസ്പി; മത്സരിച്ച അഞ്ചിടത്തും പരാജയം

Update: 2021-05-03 08:21 GMT

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഘടകകക്ഷികളില്‍ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയത് ആര്‍എസ്പിയാണ്. ഏറെ പ്രതീക്ഷ വച്ചിരുന്ന ചവറ ഉള്‍പ്പെടെ ഇടതു തരംഗത്തില്‍ തര്‍ന്നടിഞ്ഞു. സംസ്ഥാനത്ത്് പാര്‍ട്ടി മല്‍സരിച്ച അഞ്ചിടത്തും പരാജയപ്പെട്ടു. ചവറ, ഇരവിപുരം, കുന്നത്തൂര്‍, ആറ്റിങ്ങല്‍, മട്ടന്നൂര്‍ മണ്ഡലങ്ങളിലാണ് ആര്‍എസ്പി മത്സരിച്ചത്. ഷിബു ബേബിജോണ്‍ ചവറയില്‍ തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ് തോല്‍വി അറിയുന്നത്. 2016ല്‍ എല്‍ഡിഎഫിലെ വിജയന്‍ പിള്ളയോടാണ് ഷിബു പരാജയപ്പെട്ടത്. എംഎല്‍എ ആയിരിക്കെ തന്നെ വിജയന്‍ പിള്ള മരണപ്പെട്ടിരുന്നു. ഇക്കുറി പരാജയം ഏറ്റുവാങ്ങിയത് വിജയന്‍ പിള്ളയുടെ മകന്‍ ഡോ. സുജിത് വിജയന്‍ പിള്ളയോടാണ്. 1906 വോട്ടിനാണ് സുജിത്തിനോട് ഷിബു പരാജയപ്പെട്ടത്. 

അടുത്തിടെ പാര്‍ടിയില്‍ തിരിച്ചെത്തിയ ബാബു ദിവാകരനെയാണ് ഇരവിപുരത്ത് മല്‍സരിച്ചത്. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ എം നൗഷാദിനോട് ബാബു ദിവാകരന്‍ ദയനീയമായി പരാജയപ്പെട്ടു. 28121 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം നൗഷാദ് വിജയിച്ചത്. ആര്‍എസ്പിക്ക് സാധ്യതയുണ്ടായിരുന്ന മറ്റൊരു മണ്ഡലമായിരുന്നു കുന്നത്തൂര്‍. ഇവിടെ മല്‍സരിച്ച ഉല്ലാസ് കോവൂര്‍, ശക്തമായ മല്‍സരം കാഴ്ചവെച്ചെങ്കിലും 2790 വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ കോവൂര്‍ കുഞ്ഞുമോനോട് പരാജയം ഏറ്റുവാങ്ങി.ഇരവിപുരം ഒഴികെ, കൊല്ലത്തെ രണ്ടു മണ്ഡലങ്ങളിലും ഇടതു തരംഗത്തിനിടയിലും ശക്തമായ മല്‍സരമാണ് കാഴ്ചവെച്ചത്. താരതമ്യേന സാധ്യത കുറഞ്ഞ ആറ്റിങ്ങലില്‍, ആര്‍എസ്പി സ്ഥാനാര്‍ഥി അഡ്വ. ഇ ശ്രീധരന്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മട്ടന്നൂരില്‍ ഇടതു സര്‍ക്കാരിലെ തരംഗ താരമായ കെകെ ശൈലജയോട് ഇല്ലിക്കല്‍ അഗസ്തി പരാജയപ്പെട്ടു. മട്ടന്നൂരില്‍ സംസ്ഥാനത്തെ കെകെ ശൈലജക്ക് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60963 വോട്ട് സമ്മാനിക്കാനേ ആര്‍എസ്പി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞുള്ളൂ.

Tags: