പൗരത്വ സംരക്ഷണ റാലി വിജയിപ്പിക്കുക: അൽ ഹാദി അസോസിയേഷൻ

ബ്രിട്ടീഷ് ഭരണ കൂടത്തിന് സ്തുതി പാടിയും സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യക്കാരുടെ ജീവൻ പിടയുന്നത് മാറിനിന്ന് ആസ്വദിച്ചവരുമാണ് ഇപ്പോൾ ന്യൂനപക്ഷ സമുദായങ്ങളുടെ ദേശക്കൂറും പൗരത്വബോധവും ചോദ്യംചെയ്യുന്നത്.

Update: 2019-12-01 06:24 GMT

തിരുവനന്തപുരം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 10ന് കൊല്ലത്ത് നടക്കുന്ന പൗരത്വ സംരക്ഷണ റാലിയും മനുഷ്യാവകാശ സമ്മേളനവും വമ്പിച്ച വിജയമാക്കിത്തീർക്കണമെന്ന് അൽ ഹാദി അസോസിയേഷൻ ആഹ്വാനം ചെയ്തു.

ഇന്ത്യാ മഹാരാജ്യത്ത് ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്നവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിക്കാനും കടുത്ത വിവേചനങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ നിശബ്ദമാക്കാനുമുളള ഭരണകൂട താത്പര്യങ്ങളെ പല്ലും നഖവുമുപയോഗിച്ച് ചെറുത്ത് തോൽപിക്കാനുളള അവസാന അവസരങ്ങളാണിത്.

ലക്ഷക്കണക്കിന് പ്രതിനിധികളുടെ ജീവൻ അർപ്പണം ചെയ്ത് സ്വാതന്ത്ര്യ സമര തീച്ചൂളയിൽ സാന്നിദ്ധ്യം തെളിയിച്ചവരാണ് ഇവിടുത്തെ മുസ്ലിംകൾ. അക്കാലത്തൊക്കയും ബ്രിട്ടീഷ് ഭരണ കൂടത്തിന് സ്തുതി പാടിയും സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യക്കാരുടെ ജീവൻ പിടയുന്നത് മാറിനിന്ന് ആസ്വദിച്ചവരുമാണ് ഇപ്പോൾ ന്യൂനപക്ഷ സമുദായങ്ങളുടെ ദേശക്കൂറും പൗരത്വബോധവും ചോദ്യംചെയ്യുന്നത്.

പൗരത്വ രജിസ്റ്റർ രാജ്യമൊട്ടുക്കും ബാധകമാക്കുമെന്നുളള അമിത്ഷായുടെ പ്രഖ്യാപനം ഭയപ്പെടുത്തി കീഴ്പ്പെടുത്താനുളള സംഘപരിവാര മനസ്സിന്റെ കുടിലതയാണ് വെളിപ്പെടുത്തുന്നത്. അത്തരം താല്പര്യങ്ങളെ ചെറുത്തു തോൽപിക്കാനുളള കരുത്തും ആത്മ വിശ്വാസവും ഇന്ത്യൻ ജനതക്കുണ്ട്.

ഭരണഘടനയും ഭരണഘടനാദത്തമായ അവകാശങ്ങളും സംരക്ഷിക്കാൻ മതേതര ഭാരതം ഒന്നിച്ചണിനിരക്കേണ്ട സാഹചര്യത്തിൽ ആ ലക്ഷ്യത്തിനുവേണ്ടി പോരാടുന്ന എല്ലാവരോടും സഹകരിക്കാൻ നാം തയ്യാറാകണം. അൽ ഹാദി അസോസിയേഷൻ പ്രവർത്തകരും അനുഭാവികളും ഡിസംബർ 10 ലെ സമ്മേളനത്തിന്റെ വിജയത്തിനായി ശക്തമായി രംഗത്തിറങ്ങണമെന്നും അതിനുള്ള അണിയറ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും അൽ ഹാദി അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കരമന അഷ്റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു.  ആബിദ് മൗലവി അൽ ഹാദി, അർഷദ് ഖാസിമി, പാനിപ്ര ഇബ്രാഹിം ബാഖവി, കെ കെ സൈനുദ്ദീൻ ബാഖവി തുടങ്ങിയവർ സംബന്ധിച്ചു

Tags:    

Similar News