വയലാര്‍ സംഘര്‍ഷം: ആര്‍എസ്എസ്സിന് കീഴൊതുങ്ങി പോലിസ് (വീഡിയോ)

അക്രമത്തില്‍ പങ്കെടുത്ത ആര്‍എസ്എസ്സുകാര്‍ പോലിസിന് കണ്‍മുന്നില്‍ ഇപ്പോഴും വിലസിക്കൊണ്ടിരിക്കുകയാണ്. ആയുധവുമായെത്തിയെന്ന് വ്യക്തമായിട്ടും ആര്‍എസ്എസ് കേന്ദ്രങ്ങളോ പ്രവര്‍ത്തകരുടെ വീടുകളോ റെയ്ഡ് നടത്താനും പോലിസ് മടിക്കുകയാണ്. അതേസമയം, നിരപരാധികളുടെ വീടുകളില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പോലിസിന്റെ പരിശോധനകളും വേട്ടയാടലും നിര്‍ബാധം തുടരുകയും ചെയ്യുന്നു.

Update: 2021-03-11 11:03 GMT

ആലപ്പുഴ: വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിരപരാധികളെ വേട്ടയാടി പ്രദേശത്ത് പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. സംഘര്‍ഷത്തിന്റെ പേരുപറഞ്ഞ് രാത്രികാലങ്ങളില്‍ വ്യാപകമായി വീടുകളില്‍ക്കയറി റെയ്ഡ് നടത്തി പോലിസ് ഭീതിവിതയ്ക്കുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വയലാര്‍, ചേര്‍ത്തല, അരൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എസ് ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയിലുള്ള പോലിസിന്റെ പരിശോധനകള്‍ തുടരുന്നത്.


 പോലിസ് ആര്‍എസ്എസ്സിന് ഒത്താശ ചെയ്യുന്നു, നിരപരാധികളെയും സ്ത്രീകളെയും വേട്ടയാടുന്ന പോലിസ് ഭീകരത അവസാനിപ്പിക്കുക, കലാപത്തിന് ശ്രമിച്ച ആര്‍എസ്എസ്സുകാരെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് എസ് ഡിപിഐ എന്ന് ജില്ലാ സെക്രട്ടറി കെ റിയാസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ഫെബ്രുവരി 24ന് ചേര്‍ത്തല മണ്ഡലം എസ് ഡിപിഐ കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയ്ക്കുനേരേ ആര്‍എസ്എസ് നടത്തിയ ആക്രമണമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.


 ജാഥയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എസ് ഡിപിഐ നേതൃത്വം വിശദീകരിക്കുന്നു. ആര്‍എസ്എസ്സിന്റെ എതിര്‍പ്പ് വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ജാഥയുമായി മുന്നോട്ടുപോയി. എന്നാല്‍, പിന്നീട് ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം എസ് ഡിപിഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

നാല് എസ് ഡിപിഐ പ്രവര്‍ത്തകര്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലായി. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് രാഹുല്‍ ആര്‍ കൃഷ്ണ എന്ന നന്ദു (26) മരണപ്പെട്ടത് ദുരൂഹമാണെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നുമാണ് എസ് ഡിപിഐ ആവശ്യപ്പെടുന്നത്.

ആര്‍എസ്എസ് ലക്ഷ്യമിട്ടത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കലാപം

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലാപം അഴിച്ചുവിടാന്‍ ആര്‍എസ്എസ് നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വയലാര്‍ സംഘര്‍ഷമെന്ന് വ്യക്തമാവുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. സംഭവദിവസം അര്‍ധരാത്രിയിലും മുതല്‍ത്തന്നെ വയലാറിലും ചേര്‍ത്തലയിലും ആര്‍എസ്എസ് വ്യാപകമായി കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമങ്ങള്‍ നടത്തി. വയലാറിലെ മുസ്‌ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം ആക്രമണം നടത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിലും മുസ്‌ലിം വീടുകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്.


 പടയണിപ്പാലത്തിന് സമീപം സ്വകാര്യാശുപത്രിക്ക് മുന്നിലെ നഗരസഭ 29ാം വാര്‍ഡ് ചെറുകണ്ണം വെളിച്ചിറ ഷാഹുദീന്റെ ഉടമസ്ഥതയിലുള്ള വഴിയോര പച്ചക്കറിക്കടയ്ക്കാണ് ആദ്യം തീയിട്ടത്. സമീപത്ത് കനാല്‍ക്കരയിലുള്ള നഗരസഭ ഏഴാം വാര്‍ഡില്‍ സുലേഖ മന്‍സിലില്‍ ഫാസിലിന്റെ ഇക്കായിസ് കൂള്‍ബാറും കത്തിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല എക്‌സ്‌റേ കവലയ്ക്ക് സമീപത്തെ സുനീറിന്റെ ആക്രിക്കടയും അഗ്‌നിക്കിരയാക്കി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഒനിയന്‍ ഫുഡ്‌കോര്‍ട്ട് തല്ലിത്തകര്‍ത്തു. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കാരിക്കുഴിയില്‍ സിയാദിന്റെ കൂള്‍ബാര്‍ അടിച്ചുതകര്‍ത്തു.


 പൂത്തോട്ട പാലത്തിന് സമീപം എസ്എം ഫ്രൂട്ട്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട മിനിലോറിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ നാഗംകുളങ്ങര ആമിന മന്‍സിലില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്‍ അമിനുവിന്റെ വീട് ആയുധവുമായെത്തിയ അക്രമികള്‍ അടിച്ചുതകര്‍ത്തു. വാതില്‍ പൊളിച്ച് അകത്തുകടന്നവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. വൈകീട്ട് നന്ദുകൃഷ്ണയുടെ സംസ്‌കാരച്ചടങ്ങിന് പിന്നാലെ വീണ്ടും ആര്‍എസ്എസ് ആക്രമണമുണ്ടായി. നാഗംകുളങ്ങര കടപ്പള്ളി റഫീക്കിന്റെ വീട് തകര്‍ത്തു. വാതിലുകളും ജനാലകളും പൊളിച്ചിട്ടുണ്ട്. കാറും തല്ലിത്തകര്‍ത്തു.

അക്രമികള്‍ക്ക് കുടപിടിച്ച് പോലിസും

പോലിസ് ആര്‍എസ്എസ്സിന് ഒത്താശ ചെയ്യുന്നതിന്റെയും ആക്രമണം അഴിച്ചുവിട്ട് കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചവര്‍ക്ക് മൗനാനുവാദം നല്‍കുന്നതിന്റെയും നിരവധി തെളിവുകളാണ് പുറത്തുവന്നത്. ഹര്‍ത്താല്‍ പ്രകടനത്തിനിടെ കടകള്‍ തിരഞ്ഞുപിടിച്ച് തകര്‍ക്കുന്ന ആര്‍എസ്എസ്സുകാര്‍ക്ക് പോലിസ് കാവല്‍ നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വഴിയോരത്തുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്ന രണ്ട് കടകള്‍ ആര്‍എസ്എസ്സുകാര്‍ തകര്‍ക്കുമ്പോള്‍ ഇവിടേക്ക് വന്ന രണ്ട് പോലിസുകാര്‍ നോക്കുകുത്തികളായി നില്‍ക്കുന്നതും വലിച്ചെറിഞ്ഞ പെട്ടികള്‍ കാലുകൊണ്ട് തൊഴിച്ചെറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഹര്‍ത്താലായതിനാല്‍ ടാര്‍പോളിന്‍കൊണ്ട് മൂടിയിട്ടിരുന്ന വിപണനകേന്ദ്രമാണ് നശിപ്പിച്ചത്.

Full View

പച്ചക്കറികളെല്ലാം റോഡിലെറിഞ്ഞ് ഉടയ്ക്കുകയും മറ്റുള്ളവ പെട്ടിയോടെയും തട്ടോടെയും എടുത്ത് റോഡിലെറിഞ്ഞു നശിപ്പിക്കുകയുമാണ് ചെയ്തത്. ഇതിനിടെയാണ് രണ്ട് പോലിസുകാര്‍ ഇവിടേക്ക് വരുന്നത്. അപ്പോഴും ഇവര്‍ അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ പ്രകടനത്തില്‍ ആര്‍എസ്എസ് അക്രമം നടക്കാന്‍ സാധ്യതയുണ്ടായിരുന്നിട്ടും വിരലിലെണ്ണാവുന്ന പോലിസുകാരെ മാത്രം നിയോഗിച്ചതുതന്നെ അക്രമികളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. വയലാറില്‍ ആര്‍എസ്എസ് ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. എന്നാല്‍, ഇത്തരമൊരു പരിശോധനക്ക് പോലിസ് ഇതുവരെയായും തയ്യാറായിട്ടില്ല.


 മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ്സുകാരുടെ വെട്ടേറ്റ് നാല് എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിലെ പ്രതികളെ അറസ്റ്റുചെയ്യേണ്ടതിന് പകരം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ അറസ്റ്റുചെയ്യുകയാണ് പോലിസ് ചെയ്തത്. അക്രമത്തില്‍ പങ്കെടുത്ത ആര്‍എസ്എസ്സുകാര്‍ പോലിസിന് കണ്‍മുന്നില്‍ ഇപ്പോഴും വിലസിക്കൊണ്ടിരിക്കുകയാണ്. ആയുധവുമായെത്തിയെന്ന് വ്യക്തമായിട്ടും ആര്‍എസ്എസ് കേന്ദ്രങ്ങളോ പ്രവര്‍ത്തകരുടെ വീടുകളോ റെയ്ഡ് നടത്താനും പോലിസ് മടിക്കുകയാണ്.


 അതേസമയം, നിരപരാധികളുടെ വീടുകളില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പോലിസിന്റെ പരിശോധനകളും വേട്ടയാടലും നിര്‍ബാധം തുടരുകയും ചെയ്യുന്നു. ചേര്‍ത്തലയിലും പൂച്ചാക്കലിലും സിഐ ആയിരുന്ന പോലിസ് ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ നേരത്തെ സ്ഥലംമാറി പോയതാണ്. പക്ഷെ, വയലാര്‍ സംഭവത്തോടെ അദ്ദേഹത്തെ തിരിച്ചുവിളിച്ചതിലും ദുരൂഹത ഉയരുന്നുണ്ട്. ആര്‍എസ്എസ് പോലിസ് കൂട്ടുകെട്ടാണ് വയലാറിലും ചേര്‍ത്തലയിലും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ വഴിയൊരുക്കിയതെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് മേല്‍പ്പറഞ്ഞ വസ്തുതകള്‍.

പരാതി നല്‍കിയിട്ടും ഫലമില്ല; പോലിസിനെതിരേ ഉന്നതരെ സമീപിച്ച് ഇരകള്‍

വയലാര്‍ സംഘര്‍ഷത്തിന്റെ മറവില്‍ ആര്‍എസ്എസ് നടത്തിയ അക്രമങ്ങള്‍ക്കെതിരേ ഇരകളായവര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു ചെറുവിരലനക്കാന്‍പോലും തയ്യാറാവാത്തത് പോലിസിന്റെ വിവേചനം വ്യക്തമാക്കുന്നു. വീട് തകര്‍ത്തത്തിനും കടകള്‍ തകര്‍ത്തതിനുമെതിരേ രേഖാമൂലം പരാതികള്‍ നല്‍കിയിട്ടും പോലിസ് അനങ്ങാപ്പാറ നയം തുടരുകയാണ്. ആലപ്പുഴയില്‍ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പുളിങ്കുന്ന് ശ്രീശൈലം ജിനുമോന്‍ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരേ ആദ്യം കേസെടുക്കാന്‍പോലും പോലിസ് കൂട്ടാക്കിയിരുന്നില്ല.

Full View

വയലാര്‍ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആലപ്പുഴ തോണ്ടന്‍കുളരങ്ങയില്‍ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിലായിരുന്നു വിവാദപ്രസംഗം. സോഷ്യല്‍ മീഡിയയില്‍ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പോലിസ് ഇയാളെ അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിതരായത്.


 എസ് ഡിപിഐ അല്ല, ഇസ്‌ലാമാണ് പ്രശ്‌നമെന്നായിരുന്നു വിദ്വേഷപരാമര്‍ശങ്ങള്‍ അടങ്ങിയ പ്രസംഗത്തിലെ ഉള്ളടക്കം. 'ഇസ്‌ലാം വര്‍ഗീയതയുടെ മതമാണ്. ഇസ്‌ലാം ലോകത്തിന്റെ നാശത്തിനുണ്ടായ മതമാണ്. അത് പറയാന്‍ ആരും മടിക്കേണ്ട. ഇസ്‌ലാം ഈ ലോകത്തിന്റെ നാശത്തിന് വേണ്ടി ഉണ്ടായ മതമാണ്. ഇന്നത്തെ ഈ പ്രതിഷേധംകൊണ്ട് ഇത് അസ്തമിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഞങ്ങള്‍ക്ക് പോയത് നമ്മുടെ ചോരയാണ്. നമ്മുടെ സഹോദരന്റെ ചോരയ്ക്ക് ചോരകൊണ്ട് മറുപടി പറയാന്‍ തയ്യാറാണ്'. എന്നൊക്കെയായിരുന്നു പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.

പോലിസില്‍നിന്ന് നീതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ് അതിക്രമത്തിനിരയായവരുടെ കുടുംബങ്ങള്‍. സംഘര്‍ഷത്തിന്റെ പേരുപറഞ്ഞ് കാര്‍ കസ്റ്റഡിയിലെടുത്ത പോലിസ് നടപടിക്കെതിരേ ഉടമ യഹിയ ഡിജിപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വനിതാ പോലിസില്ലാതെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയതിനും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതിനും ഡിജിപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കാണ് നദീറ പരാതി നല്‍കിയിരിക്കുന്നത്.


 വീട്ടില്‍ അതിക്രമിച്ചുകയറിയെന്നും മകനെ കൊണ്ടുപോയെന്നും കടയില്‍ കയറിയെന്നും ചൂണ്ടിക്കാട്ടിയാണ് രാജ് ഷായുടെ ഭാര്യ പോലിസിനെതിരേ പരാതി നല്‍കിയിട്ടുള്ളത്. വനിതാ പോലിസില്ലാതെ എസ് ഡിപിഐ പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയതിനും അസഭ്യം പറഞ്ഞതിനും ഭാര്യയും പരാതിയുമായി ഉന്നതരെ സമീപിച്ചിട്ടുണ്ട്. ലോക്കപ്പില്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച സിഐ ശ്രീകുമാര്‍, പോലിസ് ഉദ്യോഗസ്ഥരായ നിസാര്‍, റെജി കണ്ടാലറിയാവുന്ന പത്തോളം പോലിസുകാര്‍ക്കെതിരെ പ്രതികളാക്കപ്പെട്ടവര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കിയിരിക്കുകയാണ്.

Tags: