ആലപ്പുഴയില്‍ കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവം: അഞ്ചു പ്രതികളെയും കോടതി വെറുതെ വിട്ടു

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ലതീഷായിരുന്നു കേസിലെ ഒന്നാം പ്രതി,സിപി എം പ്രവര്‍ത്തകരായിരുന്ന സാബു,ദീപു,രാജേഷ്, പ്രമോദ് എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍.2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ മായ സംഭവം.സിപിഎമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ക്കപ്പെട്ടതിന് പിന്നിലെന്നായിരുന്നു അന്ന് ഉയര്‍ന്ന് ആരോപണം.കൃഷ്ണ പിളള താമസിച്ചിരുന്ന വീടിന് തീയിയുകയും പ്രതിമ അടിച്ചു തകര്‍ക്കുകയുമായിരുന്നു.ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു

Update: 2020-07-30 06:48 GMT

ആലപ്പുഴ: സിപിഎം സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ സ്മാരകം തര്‍ത്ത കേസില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അടക്കം കേസിലെ അഞ്ചു പ്രതികളെയും കോടതി വെറുതെ വിട്ടു.ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ അഞ്ചു പ്രതികളെയും വെറുവിട്ട് കൊണ്ട് ഉത്തരവിട്ടത്.വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ലതീഷായിരുന്നു കേസിലെ ഒന്നാം പ്രതി,സിപി എം പ്രവര്‍ത്തകരായിരുന്ന സാബു,ദീപു,രാജേഷ്, പ്രമോദ് എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍.

2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ മായ സംഭവം. ആലപ്പുഴ കഞ്ഞിക്കുഴി കണ്ണാര്‍ക്കാട്ടുള്ള പി കൃഷ്ണ പിള്ളിയുടെ സ്മാരകമാണ് തകര്‍ക്കപ്പെട്ടത്.സിപിഎമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ക്കപ്പെട്ടതിന് പിന്നിലെന്നായിരുന്നു അന്ന് ഉയര്‍ന്ന് ആരോപണം.കൃഷ്ണ പിളള താമസിച്ചിരുന്ന വീടിന് തീയിടുകയും പ്രതിമ അടിച്ചു തകര്‍ക്കുകയുമായിരുന്നു.ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.2016 ഏപ്രിലില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.സിപി എം പ്രവര്‍ത്തകരായ പ്രതികളെ പിന്നീട് പാര്‍ടി പുറത്താക്കിയിരുന്നു.സംഭവം നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

കോടതിവിധിയില്‍ വളരെ സന്തോഷമുണ്ടെന്ന് കോടതി വെറുതെ വിട്ട ലതീഷ് അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തങ്ങളുടെ നിരപരാധിത്വം വെളിയില്‍ കൊണ്ടുവരാന്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞു.യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ക്രൈംബ്രാഞ്ചുംചേര്‍ന്ന് നടത്തിയ കള്ളക്കളികള്‍ ഒരോന്നും പൊളിഞ്ഞു വീണിരിക്കുകയാണ്.കെട്ടിച്ചമച്ച മൊഴികളും മറ്റുമായിരുന്നു കേസില്‍ ഉണ്ടായിരുന്നത്.കേസില്‍ തങ്ങളെ പ്രതിയാക്കിയതോടെ പാര്‍ടി തങ്ങളെ പുറത്താക്കിയിരുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് പാര്‍ടി തങ്ങളെ പുറത്താക്കിയത് എന്നത് ശരിയാണ്.ഇപ്പോള്‍ തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞ സാഹചര്യത്തില്‍ തങ്ങളെ പാര്‍ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലതീഷ് പറഞ്ഞു.പാര്‍ടി തങ്ങളെ പുറത്താക്കിയിരുന്നുവെങ്കിലും ചില വ്യക്തികളൊഴികെ പ്രദേശത്തെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം തന്നെയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള നിയമ പോരാട്ടം തുടരുമെന്നും കേസില്‍ വെറുതെവിട്ടവര്‍ പറഞ്ഞു. 

Tags: