സമഗ്ര കുടിവെള്ള പദ്ധതി വീഴ്ച ഇല്ലാതെ നടപ്പിലാക്കും;കുട്ടനാടിന് പൂര്‍ണ്ണമായും കുടിവെള്ളം ലഭ്യമാക്കും:മന്ത്രി റോഷി അഗസ്റ്റിന്‍

കുട്ടനാട്ടിലെയും സമീപത്തെയും കായലിലെയും നദികളിലെയും എക്കല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ പഠനത്തിന് ചെന്നൈ ഐഐടിയെ നിയോഗിച്ചിട്ടുണ്ട്.സെപ്റ്റംബറോടെ ഐഐടിയുടെ ഇടക്കാല റിപ്പോര്‍ട്ട് വരുമെന്നാണ് കരുതുന്നത്.ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും

Update: 2021-06-25 13:38 GMT

ആലപ്പുഴ: 290 കോടി രൂപ ചെലവഴിച്ചുള്ള കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി വീഴ്ച ഇല്ലാതെ നടപ്പിലാക്കുന്നതിലൂടെ കുട്ടനാട്ടുകാര്‍ക്ക് കുടിവെള്ളം പൂര്‍ണമായും ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കുട്ടനാട് സന്ദര്‍ശിച്ച ശേഷം ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ സാമുദായിക നേതാക്കളുമായും സംസാരിക്കുകയായിരുന്നു മന്ത്രി.കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ പഠിക്കും. പുറംബണ്ട് സംരക്ഷിക്കേണ്ടത് പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്.

താല്‍ക്കാലിക പുറംബണ്ട് ഒരു ശാശ്വത പരിഹാരമല്ല. പുറം ബണ്ടുകള്‍ ശാസ്ത്രീയമായി സ്ഥിരമായി ഉറപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും. വടക്കേ കരി, മാടത്താനിക്കരി തുടങ്ങിയ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. ഇവിടങ്ങളിലെ ആറ് കിലോമീറ്റര്‍ വരുന്ന പുറംബണ്ട് സ്ഥിരമായി ശക്തിപ്പെടുത്തി കെട്ടുന്നതിന് 2022-23 ഇറിഗേഷന്‍ വകുപ്പിന്റെ നബാര്‍ഡ് സഹായത്തോടെയുള്ള 13 കോടി രൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ 22 കോടി രൂപയുടെ 38 നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കുട്ടനാട്ടില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണപ്രവര്‍ത്തികള്‍ക്കെല്ലാം ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇനി ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കും. ഒന്നര മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.പുറമേ കേന്ദ്ര സഹായം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതികള്‍ വഴി 50 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം വകുപ്പിന് അനുമതി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

37.50 കോടി രൂപ കേന്ദ്ര വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 12.50കോടി രൂപ നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രിയും കൃഷി മന്ത്രിയുമായി ചേര്‍ന്നുള്ള യോഗം ഉടനെ നടക്കും. ഹൈ ഡിവാട്ടറിങ് സിസ്റ്റം, സബ് മേഴ്‌സിബിള്‍ പമ്പുകള്‍ എന്നിവ വഴി കുട്ടനാട്ടില്‍ പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കുകയാണ്.

സര്‍ക്കാര്‍ വലിയ ഇടപെടല്‍ ഇക്കാര്യത്തില്‍ നടത്തും. വകുപ്പുകളുടെ ഏകീകരണം സംബന്ധിച്ച നടപടികള്‍ എടുത്തിട്ടുണ്ട്.ഒന്നാം കുട്ടനാട് പാക്കേജ് വഴി ചില നേട്ടങ്ങള്‍ സാധ്യമായിട്ടുണ്ട്. 16,500 ഹെക്ടര്‍ പാടശേഖരം മെച്ചപ്പെടുത്താന്‍ നമുക്ക് സാധിച്ചു. രണ്ടാം കുട്ടനാട് പാക്കേജ് 2447 കോടി രൂപയുടേതാണ്. ഇത് നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.നേരത്തെ കൃഷി വകുപ്പ് മന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും കുട്ടനാട് സന്ദര്‍ശിച്ചിരുന്നു.നിയമസഭയില്‍ കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ എംഎല്‍എ തോമസ് കെ തോമസ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള മന്ത്രിമാരുടെ സന്ദര്‍ശനമെന്ന് മന്ത്രി പറഞ്ഞു.

നദികളിലെ എക്കല്‍ നീക്കല്‍: ഐഐടി യുടെ ഇടക്കാല റിപ്പോര്‍ട്ട് സെപ്റ്റംബറില്‍

കുട്ടനാട്ടിലെയും സമീപത്തെയും കായലിലെയും നദികളിലെയും എക്കല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ പഠനത്തിന് ചെന്നൈ ഐഐടിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന് 136 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതില്‍ 70 ലക്ഷം രൂപ നല്‍കി കഴിഞ്ഞു. സെപ്റ്റംബറോടെ ഐഐടിയുടെ ഇടക്കാല റിപ്പോര്‍ട്ട് വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. അവസാന റിപ്പോര്‍ട്ട് വരെ കാത്തിരിക്കാതെ തന്നെ ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ഒരു യോഗം അടുത്തയാഴ്ച കൂടുന്നുണ്ട്. പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News