ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് അധ്യക്ഷനായ സമിതിയില്‍ പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പില്‍ ജാഗ്രതക്കുറവുണ്ടായി. അത് തുറന്നുസമ്മതിക്കുകയാണ്.

Update: 2019-06-12 08:09 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് അധ്യക്ഷനായ സമിതിയില്‍ പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പില്‍ ജാഗ്രതക്കുറവുണ്ടായി. അത് തുറന്നുസമ്മതിക്കുകയാണ്.

പരാജയത്തിന്റെ ഉത്തരവാദിത്വം ആരുടെയും തലയില്‍ കെട്ടിവയ്ക്കില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെക്കുറിച്ച് അന്വേഷിക്കാനും സമിതിയെ നിയോഗിച്ചു. ഐടി വിഭാഗത്തിന്റെ ചുമതലയുള്ള ശശി തരൂരിനോട് ഇക്കാര്യത്തില്‍ അന്വേഷിച്ച് സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി മുല്ലപ്പള്ളി അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പേരില്‍ എ കെ ആന്റണിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം ശക്തമായതിനെത്തുടര്‍ന്നാണ് നടപടി. അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ഉന്നതരായ നേതാക്കളെ അപമാനിക്കാനും സ്വഭാവഹത്യ നടത്താനും ആസൂത്രിതശ്രമം നടന്നു.

ആവശ്യമെങ്കില്‍ മറ്റേതൊരു സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ച് വസ്തുനിഷ്ടമായ റിപോര്‍ട്ട് തയ്യാറാക്കാനും നിര്‍ദേശം നല്‍കിയതായി മുല്ലപ്പള്ളി വ്യക്തമാക്കി. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സിപിഎം വിമതന്‍ സിഒടി നസീറിനെ മുല്ലപ്പള്ളി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. നസീര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കും. നസീറിനെ ആക്രമിച്ച പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നസീറിനെ ആക്രമിച്ച സംഭവം ചൊവ്വാഴ്ച പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍, നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

Tags:    

Similar News