കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം

കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരും യൂനിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമാണിത് നടപ്പാക്കുന്നത്

Update: 2022-02-24 12:15 GMT

ആലപ്പുഴ: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂനിഫോം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമായ പാന്റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയാണ് വരവേറ്റത്.


സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെന്നും തുല്യതാ സങ്കല്‍പ്പം ശക്തിപ്പെടുത്താന്‍ ഇത് സഹായകമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്‌കൂളുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരും യൂനിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമാണിത് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എസ് സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി. ദീപ്തി, ഹെഡ് മാസ്റ്റര്‍ ജെ ഗീത തുടങ്ങിയവരും കുട്ടികളെ വരവേല്‍ക്കാന്‍ എത്തിയിരുന്നു.

Tags:    

Similar News