ഒരു ദിവസം 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി പുഷ്പ ലത ; ആദരിക്കാന്‍ ആരോഗ്യ മന്ത്രിയെത്തി

കൃഷി മന്ത്രി പി പ്രസാദും അഭിനന്ദനമറിയിച്ചു.ഏറെ കഷ്ടപ്പാടുകള്‍ക്ക് ഒടുവിലാണ് തനിക്ക് ജോലി ലഭിച്ചതെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായിക കൂടിയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നേഴ്‌സാകാന്‍ പഠിച്ചതെന്ന് പുഷ്പ ലത കൂട്ടിച്ചേര്‍ത്തു

Update: 2021-08-30 12:18 GMT

ആലപ്പുഴ: ഒരു ദിവസം എട്ടു മണിക്കൂറോളമെടുത്ത് 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കെ പുഷ്പലതയെ അഭിനന്ദിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എത്തി. ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലതയെ മന്ത്രി പൊന്നാട അണിയിച്ചാണ് ആദരിച്ചത്.

പേരും മുഖവുമറിയാത്ത, ആരുമറിയാതെ കഷ്ടപ്പെടുന്ന പുഷ്പലതയെ പോലെയുള്ള ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്നും ഇവര്‍ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധികളെ മറികടന്ന് അവരാണ് നമ്മുടെ ആരോഗ്യ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നത്. ഇവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഏറെ കഷ്ടപ്പാടുകള്‍ക്ക് ഒടുവിലാണ് തനിക്ക് ജോലി ലഭിച്ചതെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായിക കൂടിയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നേഴ്‌സാകാന്‍ പഠിച്ചത്. ജില്ലാ ആശുപത്രിയിലെ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നുണ്ട് . ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും

കൂട്ടായ പരിശ്രമമാണ് തന്റെ പിന്‍ബലമെന്നും ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് പുഷ്പലത പറഞ്ഞു. എല്‍എച്ച്‌ഐ വി ആര്‍ വല്‍സല, ജെഎച്ച്‌ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണ് പുഷ്പലതയുടെ വാക്‌സിനേഷന്‍ ടീമിലുള്ളത്. ഇവരെയും മന്ത്രി അഭിനന്ദിച്ചു.തുടര്‍ന്ന് പുഷ്പലത പാട്ടു പാടിഎല്ലാവര്‍ക്കും നന്ദിയറിയിച്ചു.മന്ത്രി പി. പ്രസാദ് ഫോണിലൂടെ പുഷ്പലതയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Tags: