അലന്‍-താഹ മോചനം; കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അക്കാദമിക സമൂഹം

വിദ്യാര്‍ഥികള്‍ തങ്ങളുടെ വിമര്‍ശക സ്വരം ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ലഘുലേഖകളും പുസ്തകങ്ങളും കയ്യില്‍ വെച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെ തുറുങ്കിലടക്കുന്നത് എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നു.

Update: 2020-02-12 01:37 GMT

കോഴിക്കോട്: 2019 നവംബര്‍ 1 ന് യുഎപിഎ ചുമത്തി പന്തീരാങ്കാവില്‍ വെച്ച് കേരള പോലിസ് അറസ്റ്റ് ചെയ്ത അലന്‍ ശുഐബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ഥികളും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിവേദനം ഇന്ത്യയിലെമ്പാടും വിദ്യാര്‍ഥികള്‍ തങ്ങളുടെ വിമര്‍ശക സ്വരം ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ലഘുലേഖകളും പുസ്തകങ്ങളും കയ്യില്‍ വെച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരില്‍ രണ്ടു വിദ്യാര്‍ഥികളെ തുറുങ്കിലടക്കുന്നത് ഫലത്തില്‍ എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനത്തിനും പഠനത്തിനുമുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കുന്നത് അനീതിയാണെന്നും നിവേദനത്തില്‍ പറയുന്നു.

ജെ ദേവിക, സുനില്‍ പി ഇളയിടം, സി ജെ ജോര്‍ജ്ജ്, ജി ഉഷാകുമാരി, മിജോ പി ലൂക്ക്, രവി കെ പി, എസ് ഇരുദയ രാജന്‍, ജയശീലന്‍ രാജ്, സി എം മനോജ്കുമാര്‍, പി കെ ശശിധരന്‍, റിതിക ജെയിന്‍, ദിനു വെയില്‍, ചന്ദ്രില്‍ ഭട്ടാചാര്യ, വത്സലന്‍ വാതുശ്ശേരി, കെ എം ഷീബ, എബി കോശി, ദിലീപ് രാജ്, ശ്രീപ്രിയ ആര്‍, ടി എസ് സാജു, തീര്‍ത്ഥ ചാറ്റര്‍ജി, അനില്‍കുമാര്‍ പി വി, ആനി തെരേസ, പി മോഹനന്‍ പിള്ള, ബിച്ചു എക്‌സ് മലയില്‍, ഷംഷാദ് ഹുസെയ്ന്‍, ലക്ഷ്മി എ കെ, അജിത കെ, നജീബ് പി എം, വൃന്ദ വി, രവിചന്ദ്രന്‍ കെ പി, ഐശ്വര്യ പ്രകാശ്, പ്രവീണ കോടോത്ത്, രേഷ്മ ഭരദ്വാജ് തുടങ്ങി കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെയും കോളജുകളിലെയും അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് നിവേദനത്തില്‍ ഒപ്പു വെച്ചിട്ടുള്ളത്. കൂട്ട നിവേദനം ഈ മാസം പന്ത്രണ്ടിന് അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യ മന്ത്രിയ്ക്കു സമര്‍പ്പിക്കും.

Tags:    

Similar News