വിട പറഞ്ഞവര്‍ ദൗത്യം പൂര്‍ത്തിയാക്കിയവര്‍: അല്‍ ഹാദി അസോസിയേഷന്‍

ലാളിത്യത്തിന്റെ പര്യായമായിരുന്ന അത്തിപ്പറ്റ ഉസ്താദ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ഗ്രാന്റ് മുഫ്തിയമായിരുന്ന വടുതല വി.എം മൂസാ മൗലവി, വിജ്ഞാന കേരളത്തിന്റെ നെടുംതൂണായിരുന്ന അബ്ദുല്‍ കരീം മൗലാനാ, ലക്‌നൗ നദ് വത്തുല്‍ ഉലമായുടെ കാര്യദര്‍ശികളിലൊരാളായ മൗലാനാ വാദിഹ് നദ് വി തടങ്ങിയവരൊക്കെയും ദൗത്യ നിര്‍വഹണപാതയില്‍ തങ്ങളുടെ ഊഴം വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്.

Update: 2019-01-31 05:34 GMT

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലായി വിട പറഞ്ഞ പണ്ഡിത മഹത്തുക്കളുടെ വിയോഗം സമുദായത്തിന് പരിഹരിക്കാനാകാത്ത നഷ്ടമാണ് വരുത്തിയിട്ടുളളതെന്ന് അല്‍ ഹാദി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.അന്തരിച്ച മഹാന്‍മാരുടെ പേരില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു അല്‍ ഹാദി അസോസിയേഷന്‍.

ലാളിത്യത്തിന്റെ പര്യായമായിരുന്ന അത്തിപ്പറ്റ ഉസ്താദ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ഗ്രാന്റ് മുഫ്തിയമായിരുന്ന വടുതല വി.എം മൂസാ മൗലവി, വിജ്ഞാന കേരളത്തിന്റെ നെടുംതൂണായിരുന്ന അബ്ദുല്‍ കരീം മൗലാനാ, ലക്‌നൗ നദ് വത്തുല്‍ ഉലമായുടെ കാര്യദര്‍ശികളിലൊരാളായ മൗലാനാ വാദിഹ് നദ് വി തടങ്ങിയവരൊക്കെയും ദൗത്യ നിര്‍വഹണപാതയില്‍ തങ്ങളുടെ ഊഴം വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്. വിജ്ഞാന പ്രസരണത്തിനും മത പ്രബോധനത്തിനുമായി ഉഴിഞ്ഞുവെച്ച അവരുടെ ജീവിതം വിശ്വാസിലക്ഷങ്ങള്‍ക്ക് എന്നും ആവേശമാണ്.

പകരം വെക്കാനില്ലാത്ത ഓരോ മഹദ് വ്യക്തികളും വിട പറയുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ചുമതലഭാരം ഇരട്ടിക്കുകയാണ്. സത്യനിഷേധവും മതനിരാസവും പോലുളള നാശങ്ങള്‍ പേമാരി പോലെ പെയ്തിറങ്ങുമ്പോള്‍ പ്രത്യേകിച്ചും. പ്രവാചക ശ്രേഷ്ഠന്റെ അന്ത്യനാളുമായി ബന്ധപ്പെട്ട പ്രവചനങ്ങളോരോന്നും പുലര്‍ന്നു കാണുമ്പോള്‍ ദൈവ വിശ്വാസം സുദൃഢമാക്കാനും പ്രവാചകപാത പിന്‍പറ്റാനും ഏവരും ശ്രദ്ധയോടെ മുന്നിട്ടിറങ്ങണമെന്നും അല്‍ ഹാദി അസോസിയേഷന്‍ ഉദ്‌ബോധിപ്പിച്ചു.

കഴക്കൂട്ടം അല്‍ സാജ് മിനി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.കെ സൈനുദ്ദീന്‍ ബാഖവി, പി.എം. അബ്ദുല്‍ ജലീല്‍ മൗലവി, നുജുമുദ്ദീന്‍ മൗലവി, സിറാജുദ്ദീന്‍ മൗലവി കുറുഞ്ചിലക്കാട്, അബ്ദുല്ലാഹ് മൗലവി ആലുവ, ഇല്യാസ് മൗലവി ഓച്ചിറ,അബൂസ്വാലിഹ് മൗലവി പൂന്തുറ,നസറുല്ലാഹ് മൗലവി,അഫ്‌സല്‍ മൗലവി,അബ്ദുല്‍ ഹാദി മൗലവി പൂന്തുറ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: