ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍'; ട്രോളായി യുഡിഎഫിന്റെ പരസ്യം

പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തില്‍ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് ഗുരുതരമായ അബദ്ധം പിണഞ്ഞത്. പരസ്യം നല്‍കിയതിലെ തെറ്റ് ട്രോളന്‍മാര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്.

Update: 2021-01-31 10:49 GMT

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ 'ഐശ്വര്യ കേരളയാത്ര' ആരംഭിക്കാനിരിക്കെ പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ പിഴവിനെച്ചൊല്ലി വിവാദം മുറുകുന്നു. പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തില്‍ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് ഗുരുതരമായ അബദ്ധം പിണഞ്ഞത്. പരസ്യം നല്‍കിയതിലെ തെറ്റ് ട്രോളന്‍മാര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. യാത്ര തുടങ്ങും മുമ്പുതന്നെ ഐശ്വര്യ കേരളയാത്ര ട്രോളുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

തിരൂരില്‍ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐശ്വര്യകേരള യാത്രയ്ക്ക് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ച വീക്ഷണം പത്രത്തിലെ പരസ്യം നോക്കിക്കാണുന്നു

 അതിനിടെ, പരസ്യത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരും രൂക്ഷമായി. താന്‍ നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്ന പരസ്യത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍. ഇത്തരമൊരു തെറ്റുവരുത്തിയതിന് പിന്നില്‍ എ ഗ്രൂപ്പാണെന്ന ആരോപണവും ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നു. ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും നടപടിയെടുക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചനയും അട്ടിമറിയുമുണ്ടെന്നാണ് വീക്ഷണം മാനേജ്‌മെന്റിന്റെ നിലപാട്. ജാഗ്രതക്കുറവുണ്ടായെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.


 എ ഗ്രൂപ്പ് നേതാവ് പി ടി തോമസിനാണ് വീക്ഷണം പത്രത്തിന്റെ ചുമതല. ഐശ്വര്യ കേരള യാത്രയ്ക്ക് ആശംസകളോടെ എന്നതിന് പകരം 'ആദരാഞ്ജലികളോടെ' എന്നാണ് അച്ചടിച്ചിരിക്കുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യപകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിന് രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് അബദ്ധം പിണഞ്ഞത്.

ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് കുമ്പളയില്‍ ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍, യാത്ര തുടങ്ങും മുമ്പേയുള്ള ആദരാഞ്ജലി സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നത് കല്ലുകടിയായിരിക്കുകയാണ്. 140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെയാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ സംബന്ധിക്കും. സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര.

Tags:    

Similar News