എയ്ഡഡ് നിയമനം പിഎസ്‌സിക്ക് വിടണമെന്ന് എ കെ ബാലന്‍; വിമര്‍ശനവുമായി സീറോ മലബാര്‍ സഭ

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കമാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗത്തിന്റേതെന്ന് സഭ കുറ്റപ്പെടുത്തി.

Update: 2022-05-25 16:18 GMT

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന സിപിഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനക്കെതിരെ സിറോ മലബാര്‍ സഭ. എ കെ ബാലന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് സിറോ മലബാര്‍ സഭ പ്രതികരിച്ചു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അഴിമതി നടക്കുന്നുവെന്ന് പാര്‍ട്ടി നേതാവ് ആക്ഷേപിക്കുന്നു. എ കെ ബാലന്‍ യാഥാര്‍ത്ഥ്യം പഠിക്കണമെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചു.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കമാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗത്തിന്റേതെന്ന് സഭ കുറ്റപ്പെടുത്തി. ചരിത്രത്തെ വിസ്മരിച്ചുള്ളതാണ് പ്രസ്താവന. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ ശ്രമിക്കാതെയാണ് വിദ്യാഭ്യാസ ഏജന്‍സികളെ ആക്ഷേപിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍.

രാജ്യത്തെ പൗരന്മാര്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടപ്പോള്‍, ആ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തെ മാതൃകാ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ ക്രൈസ്തവര്‍ വലിയ പങ്കുവഹിച്ചെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചരിത്ര ബോധവും നിയമ ബോധവുമില്ലാതെ പ്രവര്‍ത്തിക്കുന്നത് ആശാവഹമല്ലെന്നും സഭ പ്രസ്താവനയില്‍ പറഞ്ഞു.

Similar News