കൊവിഡില്‍ തളര്‍ന്ന് കാര്‍ഷികരംഗം; നഷ്ടം 8,000 കോടി രൂപ

നെല്‍ക്കൃഷിയില്‍ 11 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാഴപ്പഴങ്ങള്‍ വിറ്റുപോകാതെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 269 കോടിയാണ്.

Update: 2020-05-08 08:00 GMT

തിരുവനന്തപുരം: കൊവിഡ് 19നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയെയും തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇതുവരെ സംസ്ഥാനത്ത് ഉണ്ടായത് 8,000 കോടി രൂപയുടെ നഷ്ടം. 563 കോടി രൂപയുടെ പ്രകൃതിദത്ത റബറാണ് കെട്ടിക്കിടക്കുന്നതെന്നും ആസൂത്രണ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നെല്‍ക്കൃഷിയില്‍ 11 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാഴപ്പഴങ്ങള്‍ വിറ്റുപോകാതെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 269 കോടിയാണ്. വാഴപ്പഴം, പൈനാപ്പിള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എല്ലാം ചേര്‍ത്ത് 349 കോടി രൂപയുടെ നഷ്ടമാണ് ഈ ഒന്നരമാസത്തിനിടയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2018-19ല്‍ 5,40,775 ടണ്‍ പ്രകൃതിദത്ത റബറാണ് ഉല്‍പ്പാദിപ്പിച്ചത്. ഇപ്പോള്‍ വിറ്റുപോകാതെ 45,064 ടണ്ണുണ്ട്. 563 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ. അടച്ചിടല്‍ തൊഴിലാളികള്‍ക്കു വരുത്തിയ നഷ്ടം 110 കോടി വരും. 70,000 ടാപ്പര്‍മാരും മറ്റു തൊഴിലാളികളുമാണ് ഈ മേഖലയില്‍. 30 ദിവസത്തെ തൊഴില്‍ ഇവര്‍ക്കു നഷ്ടപ്പെട്ടു. ഒരാള്‍ക്ക് ശരാശരി 15,750 രൂപയുടെ വേതനനഷ്ടം.

കൊവിഡ് തോട്ടവിളക്കര്‍ഷകരെ ഒന്നാകെ തളര്‍ത്തി. ദക്ഷിണേന്ത്യയിലാകെ തേയില കൃഷിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. സംസ്ഥാനത്ത് തേയില ഉല്‍പ്പാദന വിപണന മേഖലയിലുണ്ടായ നഷ്ടം 141.1 കോടി രൂപയുടേതാണ്. കാപ്പിക്കൃഷിയില്‍ ദക്ഷിണേന്ത്യയില്‍ 400 കോടി രൂപയുടെ നഷ്ടം വന്നു. അതില്‍ 92 കോടിയോളം കേരളത്തിലാണ്. ഏലം, കുരുമുളക് കര്‍ഷകര്‍ക്കും വന്‍ തിരിച്ചടിയായി. ഏലക്കൃഷിയില്‍ 126 കോടിയോളം രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ കുരുമുളകിന്റെ വിലയിടിവ് 50 കോടി നഷ്ടമുണ്ടാക്കി. പച്ചക്കറിമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെങ്കിലും സ്വാശ്രയസംഘങ്ങളുടേത് ഉൾപ്പെടെ 158 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പഴങ്ങളും കിഴങ്ങുവര്‍ഗങ്ങളും കൃഷി ചെയ്തവര്‍ക്കും ലോക്ക്ഡൗണ്‍ ആഘാതമേല്‍പ്പിച്ചു.

Tags:    

Similar News