കാര്‍ഷിക ബില്‍ രാജ്യത്തിന്റെ നട്ടെല്ലൊടിക്കും: പിഡിപി

രാജ്യത്തെ കാര്‍ഷിക ഭൂമിയുടെ മൊത്തം അന്ത്യംകുറിച്ച് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ ചുക്കാന്‍ പിടിക്കുന്നത്.

Update: 2020-09-21 07:51 GMT

കോഴിക്കോട്: മുഴുവന്‍ ഭരണഘടനാചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പറത്തി യാതൊരു കൂടിയാലോചനകള്‍ക്കും തയ്യാറാവാതെ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്നതാണെന്ന് പിഡിപി. കാര്‍ഷിക മേഖലയിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പറേറ്റ് നിയന്ത്രണ അധികാരങ്ങള്‍ മുഴുവന്‍ എടുത്തുകളഞ്ഞ് വിത്ത് മുതല്‍ വിപണി വരെ ബഹുരാഷ്ട്രാ കുത്തക കമ്പനികള്‍ക്ക് അടിയറവുവച്ച് രാജ്യത്തെ കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍.

രാജ്യത്തിന്റെ ജീവനാഢിയായ കര്‍ഷകരോടുള്ള യുദ്ധപ്രഖ്യാപനമാണിത്. കാര്‍ഷിക വിളകളുടെ താങ്ങുവില ഇല്ലാതാക്കി സര്‍ക്കാര്‍ ഫുഡ് കോര്‍പറേഷന്‍ വഴിയുള്ള വിളസംഭരണം ഇല്ലാതാക്കുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള കമ്പോള നിയന്ത്രണങ്ങള്‍ നീക്കി കുത്തക കമ്പനികള്‍ വില്‍പന ശൃംഖല കൈയേറുകയും വിളകളുടെ വില നിയന്ത്രിക്കുന്നതുവഴി കര്‍ഷകര്‍ എന്ത് കൃഷി ചെയ്യണമെന്നുവരെ കുത്തകകള്‍ തീരുമാനിക്കുന്നതോടെ രാജ്യത്തിന്റെ നട്ടെല്ലൊടിയുമെന്ന് കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

കര്‍ഷകര്‍ക്ക് സ്വന്തം വിളകള്‍ക്ക് താങ്ങുവില ലഭിക്കുന്ന തരത്തില്‍ നാഷനല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റ് നിലനിലനില്‍ക്കെ കര്‍ഷകര്‍ക്ക് സ്വതന്ത്രവിപണി തുറന്നുകൊടുക്കുന്നുവെന്ന വ്യാജേന വിത്തുല്‍പാദനം, ഗവേഷണം, മണ്ണുസംരക്ഷണം തുടങ്ങി കാര്‍ഷികമേഖലയെ മുഴുവനായും കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് കര്‍ഷകരെ കോര്‍പറേറ്റുകളുടെ അടിമകളാക്കി മാറ്റാനാണ് ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു.

രാജ്യത്തെ കാര്‍ഷിക ഭൂമിയുടെ മൊത്തം അന്ത്യംകുറിച്ച് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ ചുക്കാന്‍ പിടിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ശാസ്ത്രീയമായ പഠനത്തിലൂടെ ചൂണ്ടിക്കാട്ടിയ വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ച് ഉത്പാദനത്തിന്റെ ആകെ ചിലവിന്റെ 50% വര്‍ധിപ്പിച്ച് തറവില നല്‍കാന്‍ തയ്യാറാവേണ്ടതിന് പകരം രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ മുഴുവന്‍ തകര്‍ക്കുന്ന ഈ അന്തകബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരണമെന്നും നിസാര്‍ മേത്തര്‍ കൂട്ടിച്ചേര്‍ത്തു.

Tags: